ഉദുമ : ഉദുമ സര്‍വിസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ കോണ്‍ഗ്രസ് അംഗമാണ് ബാങ്കിലെ മുന്‍ ജീവനക്കാരനായിരുന്ന കൊപ്പല്‍ പ്രഭാകരന്‍. യു.ഡി.എഫ്. ഭരിക്കുന്ന ബാങ്കില്‍ 2018 മുതല്‍ ബാങ്കില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ബാങ്കിന്റെ നിലവിലെ ഭരണ സമിതിയുടെ കാലാവധി നവംബര്‍ 12 ന് അവസാനിക്കും. ഈ 5 വര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുത്തതിന് സിറ്റിംഗ് ഫീസായി കിട്ടിയ തുക മുഴുവന്‍ വീട്ടില്‍ അതിനായി കരുതിയ പ്രത്യേക ബാഗില്‍ നിക്ഷേപിക്കുകയായിരുന്നു ഉദുമ കൊക്കാല്‍ സ്വദേശിയായ പ്രഭാകരന്‍.
അതില്‍ നിന്ന് സ്വന്തം ആവശ്യത്തിന് ഒരു രൂപപോലും ചിലവഴിക്കാതെ 5 വര്‍ഷം സ്വരൂപിച്ചു തുക അത്രയും ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കാനായിരുന്നു തീരുമാനം. പുതിയ മണ്ഡലം പ്രസിഡന്റ് ചുമതല ഏറ്റെടുത്ത ചടങ്ങില്‍ തുക കൈമാറി. ഉദുമയില്‍ പണി പൂര്‍ത്തിയായി വരുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ മന്ദിര നിര്‍മാണ ഫണ്ടിലേക്ക് തുക വകയിരുത്തുമെന്ന് പ്രസിഡന്റ് ശ്രീധരന്‍ വയലില്‍ അറിയിച്ചു.