ബംഗളൂരു: ചിത്രദുർഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്ബുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾക്ക് മൂന്നുകോടിയോളം വിലയുണ്ട്. സംഭവത്തിൽ വീട്ടുടമയായ നാരായണപ്പ(54), തമിഴ്നാട് സ്വദേശിയും വീട്ടിലെ താമസക്കാരനുമായ ചന്ദ്രശേഖർ(39) എന്നിവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഹിരിയൂർ റൂറൽ പൊലീസാണ് വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ അടച്ചിട്ട കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആനക്കൊമ്ബുകളും ചന്ദനമുട്ടികളും കണ്ടെത്തിയത്.