മുണ്ടക്കൈ ദുരന്തം; മുന്നറിയിപ്പുകളെ ചൊല്ലി കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തര്‍ക്കം മുറുകുന്നു. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്.മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പഴിചാരലുകള്‍ക്കിടയിലാണ് മുന്നറിയിപ്പുകളെ ചൊല്ലിയുള്ള ചര്‍ച്ചകളും സജീവമാകുന്നത്. ഓരോ മഴ മുന്നറിയിപ്പുകളും അനുസരിച്ച് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടി. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ അതീവ ജാഗ്രത എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കില്‍ പറയുന്നത്.എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും തുടങ്ങണം. ആളുകളെ മാറ്റിത്താമസിപ്പിക്കണം. രക്ഷാ സൈന്യങ്ങളോട് തയാറാകാന്‍ ആവശ്യപ്പെടണം. ക്യാമ്ബുകള്‍ സജ്ജമാക്കണം. എന്നാല്‍ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മുന്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.2018ലെ പ്രളയത്തിന് ശേഷമാണ് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനം പിന്തുടരുന്നത്. 29ന് ഉച്ചയ്ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. അന്നത്തെ ഐഎംഡി ബുള്ളറ്റിനില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും പറയുന്നുണ്ട്.ഇത്ര കടുത്ത മഴയ്ക്കും, ആഘാതത്തിനുമുള്ള സാധ്യത മുന്നറിയിപ്പുകളില്‍ ഉണ്ടായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. കല്‍പ്പറ്റ കേന്ദ്രീകരിച്ചുള്ള ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്ന സ്ഥാപനത്തിന്റെ പുത്തുമലയിലെ മഴ മാപിനിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് 200 മി.മീ മഴയാണ്.
രാത്രി 130 മി.മീ മഴയും. ദുരന്ത സാധ്യത തിങ്കളാഴ്ച തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് സ്ഥാപനം വ്യക്തമാക്കുന്നത്. പുതുമലയിലും മുണ്ടക്കൈയിലും കനത്ത മഴയും മണ്ണിടിച്ചിലും എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *