ഇസ്മാഈല്‍ ഹനിയ്യയുടെ ഖബറടക്കം വെള്ളിയാഴ്ച ഖത്തറില്‍

ദോഹ: ബുധനാഴ്ച പുലര്‍ച്ചെ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മയ്യിത്ത് ഖത്തറില്‍ ഖബറടക്കും.ഇറാനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം ദോഹയിലെത്തിക്കുമെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.വെള്ളിയാഴ്ച ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍അബ്ദുല്‍ വഹാബ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടന്ന ശേഷം ഖത്തറില്‍ തന്നെ ഖബറടക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാവും ഖബറടക്കചടങ്ങുകള്‍ പൂര്‍ത്തിയാക്കുക.ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹനിയ്യ.ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസ് ആരോപിച്ചു. ഖത്തറില്‍ താമസിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *