വനിതാ സംരംഭക സംഗമവും, ഭക്ഷ്യ സംസ്‌കരണ സംരംഭക പദ്ധതിയുടെ ബോധവല്‍ക്കരണ ശില്പശാലയും നടന്നു

കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രം കാസര്‍ഗോഡ്, താലൂക്ക് വ്യവസായ ഓഫീസ് ഹോസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വനിതാ സംരംഭക സംഗമവും പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭക പദ്ധതിയുടെ ബോധവല്‍ക്കരണ ശില്പശാലയും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്നു. കേന്ദ്രസര്‍ക്കാറിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാനങ്ങളുമായി സഹകരിച്ച് ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതി (പി.എം. എഫ്. എം. ഇ പദ്ധതി )ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക, വ്യവസായിക പിന്തുണ ലഭിക്കുന്നതാണ്. ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്ന സമീപനമാണ് ഈ പദ്ധതി വഴി സ്വീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഒരു ഉല്‍പ്പന്നത്തെ തിരഞ്ഞെടുത്തു അതിന്റെ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷപ്പെടുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുക, ഉത്പാദനത്തിന് പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുക, വിപണനം കാര്യക്ഷമമാക്കുക എന്നിവ വഴി ഉത്പന്നത്തിന്റെ വളര്‍ച്ച ഇതിലൂടെ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.കൂടാതെ അടിസ്ഥാന സൗകര്യ വികസനം, ബ്രാന്‍ഡിംഗ്, വിപണനം എന്നിവയ്ക്ക് സഹായവും ലഭിക്കുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, കാഞ്ഞങ്ങാട് ഇന്‍ഡസ്ട്രിയല്‍ ഓഫീസ് എ.ഡി.ഐ. ഒ കെ. സി. ലിജി, എസ്. ബി.ഐ ചീഫ് മാനേജര്‍ യദു എന്നിവര്‍ സംസാരിച്ചു. ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ദേവകുമാര്‍, സോണല്‍ കോഡിനേറ്റര്‍ ജിതിന്‍ ഷാജു, കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി ഇഖ്ബാല്‍, എല്‍.ഐ.സി ഡെവലപ്‌മെന്റ് ഓഫീസര്‍ അക്ഷയ് എന്നിവര്‍ വിവിധ പദ്ധതികളുടെ വിശദീകരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ സ്മിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *