ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലയില്‍ മൂന്ന് മാസത്തിനകം 3928 ആധാറുകള്‍ പുതുക്കിയതായി ജില്ലാതല ആധാര്‍ മോണിറ്ററിങ് സമിതി വിലയിരുത്തി. ഏപ്രിലില്‍ 1361 ആധാറുകളും മേയില്‍ 1081 ആധാറുകളും ജൂണില്‍ 1486 ആധാറുമാണ് പുതുക്കിയത്. ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാവര്‍ക്കും ഒ.ടി.പി ഉപയോഗിച്ച് ആധാറിലെ വിവരങ്ങള്‍ സെപ്തംബര്‍ 14 വരെ സൗജന്യമായി പുതുക്കാന്‍ കഴിയും.അഞ്ച് വയസിന് മുകളിലുള്ള 95,584 കുഞ്ഞുങ്ങള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 15 ന് മുകളില്‍ പ്രായമുള്ള 50,858 വിദ്യാര്‍ത്ഥികളുടെ ആധാര്‍ പുതുക്കലും നടക്കാനുണ്ട്. 15 ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ ആധാര്‍ പുതുക്കല്‍ നടത്തുന്നതിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സെപ്തംബര്‍ 30നകം ഐ.ടി മിഷന്‍ ക്യാമ്പുകള്‍ നടത്തി ആധാറുകളുടെ പുതുക്കല്‍ നടത്തും.
ജില്ലയിലെ 20 ട്രാന്‍സ്‌ജെന്ററുകള്‍ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുണ്ട്. അവ പുതുക്കുന്നതിന് സാമൂഹിക നീതി വകുപ്പുമായി ചേര്‍ന്ന് ഐ.ടി മിഷന്‍ ക്യാമ്പ് നടത്തും. ജില്ലയിലെ ശാരീരിക, മാനസീക വെല്ലുവിളികള്‍ നേരിടുന്ന കെയര്‍ ഹോമുകളിലെ അന്തേവാസികളുടെ ആധാര്‍ പുതുക്കുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയാക്കും.ജില്ലയിലെ 60 വയസ് പിന്നിട്ട മുതിര്‍ന്ന പൗരന്‍മാരുടെയും കിടപ്പു രോഗികളുടെയും ആധാര്‍ പുതുക്കി നല്‍കാന്‍ ഗുണഭോക്താക്കളുടെ വീടിന് സമീപത്തെ അക്ഷയ സെന്റര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തും. ഇതിനായി ഹോം ആധാര്‍ എന്റോള്‍മെന്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പദ്ധതിയായ കണക്ടിങ് കാസര്‍കോട് പ്രവര്‍ത്തനം അവലോകനം ചെയ്തു.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.വി ശ്രുതി അധ്യക്ഷത വഹിച്ചു. യു.ഐ.ഡി.എ.ഐ എസ്.ടി പ്രൊജക്ട് മാനേജര്‍ ടി.ശിവന്‍ ജില്ലയുടെ ആധാര്‍ സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ വിശദീകരിച്ചു. റവന്യൂ റിക്കവറി തഹസില്‍ദാര്‍ കെ.വി ശശികുമാര്‍, ഐ.ടി മിഷന്‍ ഡി.പി.എം കപില്‍ദേവ്, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *