ദുരന്ത സാധ്യത മേഖലകളെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനം

കാസര്‍കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു .പഠനം നടത്തുന്നതിന് ജില്ലാ ഹസാര്‍ഡ് അനലിസ്റ്റിനെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മലയോര പഞ്ചായത്തുകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകള്‍ ഉണ്ടെന്ന് യോഗം വിലയിരുത്തി.മലയോരത്ത്കനത്ത മഴയില്‍ മലയിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ റൂട്ടില്‍ മലയിടിച്ചില്‍ ഭീഷണി പരിഗണിച്ച് രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത് ഫലപ്രദമായിട്ടുണ്ടെന്ന് അതോറിറ്റി യോഗം വിലയിരുത്തി.ദേശീയപാത നിര്‍മ്മാണ പ്രദേശങ്ങളില്‍ മലയിടിച്ചില്‍ ഭീഷണി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ലഭിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. കനത്ത കാലവര്‍ഷത്തില്‍ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് കെ എസ് ഇ ബി ജീവനക്കാരുടെ സേവനം അഭിനന്ദനാര്‍ഹമാണെന്ന് കളക്ടര്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *