ബസ് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ഹോമില്‍ ഇടിച്ചു കയറി കലുങ്കിന്റെ പുനര്‍ നിര്‍മാണം മന്ദഗതിയില്ലെന്ന് സംഘടനകള്‍

പാലക്കുന്ന് : കെഎസ് ആര്‍ടിസിയുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കായി സാമഗ്രികളുമായി ഓടുന്ന ബസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രാമധ്യേ സംസ്ഥാന പാതയില്‍ പാലക്കുന്ന് പള്ളത്തില്‍ നിയന്ത്രണം വിട്ട് സമീപത്തെ ടൂറിസ്റ്റ് ഹോമിലേക്ക് ഇടിച്ചു കയറി. കോടംങ്കയ് ടൂറിസ്റ്റ് ഹോമിന്റെ പ്രവേശന കവാടത്തിലാണ് ഇടിച്ചത്. ജൂലൈ മൂന്നിന് പള്ളത്തില്‍ റോഡിന് നടുവില്‍ കുഴി രൂപപ്പെട്ട കലുങ്ക് പൊളിച്ചുമാറ്റി പുനര്‍നിര്‍മാണ ജോലികള്‍ നടക്കുന്ന ഇടത്താണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ അപകടം. തിരക്ക് കുറഞ്ഞ സമയമായതിനാല്‍ ആളപായം ഉണ്ടായില്ല. നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോഴും ഇവിടെ വാഹനാപകടങ്ങള്‍ പതിവാണെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു. പാതയുടെ നടുവില്‍ ഒരു മീറ്ററോളം വ്യാസത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞു കുഴി കണ്ടതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഇവിടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചുവെങ്കിലും അത് ഏറെ മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ പരാതി.കഴിഞ്ഞ ദിവസം പണിക്കിടെ കല്ല് തെറിച്ച് സമീപത്ത് ഒരു കടയുടെ ഗ്ലാസ് തകര്‍ന്നിരുന്നു. വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുന്ന ബാരിക്കേടുകള്‍ സ്ഥലത്തെ കച്ചവടക്കാരാണ് പുനഃസ്ഥാപിക്കുന്നത്.

റോഡിലെ അറ്റകുറ്റപണി ത്വരിതപ്പെടുത്തണം

പാലക്കുന്ന് : സംസ്ഥാന പാതയില്‍ പാലക്കുന്ന് പള്ളത്തില്‍ നടന്നു വരുന്ന പുനര്‍നിര്‍മാണം പ്രവൃത്തികള്‍ ഏറെ മന്ദഗതിയിലാണെന്നും ഉടന്‍ പൂര്‍ത്തിയായില്ലെങ്കില്‍ തുടര്‍ന്നും ഇവിടെ വാഹന അപകടങ്ങള്‍ തുടര്‍കഥയാ കുമെന്നും കോട്ടിക്കുളം-പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും പാലക്കുന്ന് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഓര്‍മപ്പെടുത്തി. ഈ നില തുടര്‍ന്നാല്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. സമിതിയുടെ യോഗത്തില്‍ പ്രസിഡന്റ് എം. എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, മുരളി പള്ളം എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബിന്റെ യോഗത്തില്‍ പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷനായി. അഡ്വ. പി. വി. സുമേഷ്, വിനോദ് പള്ളം, സുകു പള്ളം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *