പത്തനംതിട്ട: ഭൂമിക്കടിയില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന സോയില്‍ പൈപ്പിങ് കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തീവ്രമെന്ന് പഠനം.വയനാട്, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും വ്യാപകമായി സോയില്‍ പൈപ്പിങ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ അപൂര്‍വമാണെന്നും പഠനത്തില്‍ പറയുന്നു. കാസര്‍കോട് 29, കണ്ണൂര്‍ 17, മലപ്പുറം 24, വയനാട് 26 എന്നിങ്ങനെയാണ് സോയില്‍ പൈപ്പുകള്‍ കണ്ടെത്തിയത്.മിക്കതും മനുഷ്യന് ഇറങ്ങാവുന്ന വലുപ്പമുള്ള തുരങ്കത്തിനു സമാനമായവയാണ്. തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുന്‍ശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനപ്രകാരം കേരളത്തിന്റെ സുസ്ഥിരതയ്ക്ക് സോയില്‍ പൈപ്പിങ് ഭീഷണിയാകുന്നതായി കണ്ടെത്തിയിരുന്നു. ഭൂഗര്‍ഭ മണ്ണൊലിപ്പിന്റെ ഒരു പ്രധാന കാരണമാണ് സോയില്‍ പൈപ്പിങ് അഥവാ ‘കുഴലീകൃത മണ്ണൊലിപ്പ്’. മഴപെയ്യുമ്‌ബോള്‍ മണ്ണില്‍ ഊറിയിറങ്ങുന്ന വെള്ളം മണ്ണിനെ പൂരിതമാക്കുകയും ഉറപ്പുകുറവുള്ള മേഖലകളിലെ ഭൗമാന്തര്‍ഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ കുഴലുകള്‍ പോലെയുള്ള ചാലുകളിലൂടെ ഒഴുകിപ്പോകുന്നതിനെയാണ് സോയില്‍ പൈപ്പിങ് എന്നു പറയുന്നത്.ഭൂമിക്കടിയില്‍ രൂപപ്പെടുന്ന ഈ പ്രതിഭാസം മണ്ണ് പെട്ടെന്ന് ഇരുന്നുപോകുന്നതിനും ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിനും കാരണമാകും. കേരളത്തിലെ അതിതീവ്രമഴ മണ്ണിലേക്ക് ഒരുപാടു വെള്ളം ഊര്‍ന്നിറങ്ങാനും അതുവഴി പൈപ്പിങ് കൂട്ടുന്നതിനും കാരണമായിട്ടുണ്ട്. വൃക്ഷങ്ങള്‍ വെട്ടിമാറ്റുമ്‌ബോള്‍ മണ്ണില്‍ശേഷിക്കുന്ന വേരുകള്‍ ദ്രവിച്ചുണ്ടാകുന്ന കുഴലുകളും എലി, മുയല്‍ പോലെയുള്ള ജീവികള്‍ ഉണ്ടാക്കുന്ന മാളങ്ങളും സോയില്‍ പൈപ്പുകളായി മാറും. ജിപ്സവും കുമ്മായവും പോലുള്ള സംയുക്തങ്ങളിട്ട് മണ്ണിന്റെ ഉറപ്പുകൂട്ടണമെന്നും ചെരിവുള്ളിടത്ത് മഴവെള്ളം ഒലിച്ചുപോകാന്‍ ചാലുണ്ടാക്കണമെന്നും പഠനത്തില്‍ പറയുന്നു.