വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി വണ്ടര്‍ല ഹോളിഡേയ്സ്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടര്‍ല ഹോളിഡേയ്സ് 10 ലക്ഷം രൂപ സംഭാവന നല്‍കി. ഉരുള്‍പൊട്ടല്‍ മൂലം വ്യാപകമായ നാശനഷ്ടങ്ങളും ജീവനാശവും അനുഭവിക്കുന്ന വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഭാവന വിനിയോഗിക്കും. വണ്ടര്‍ല കൊച്ചി പാര്‍ക്ക് മേധാവി രവികുമാര്‍ എം. എ., വണ്ടര്‍ല കൊച്ചി പി ആര്‍ ഒ അനില്‍ പി. ജോയ് എന്നിവര്‍ പത്തു ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവിനു കൈമാറി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം, വെള്ളം, പാര്‍പ്പിടം, വൈദ്യസഹായം എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടി ഈ തുക ഉപയോഗിക്കും. കൂടാതെ, വയനാട്ടിലെ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല പുനരധിവാസ സംരംഭങ്ങള്‍ക്ക് ഈ സംഭാവന സഹായകമാകും. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലത്ത് സമൂഹത്തിനൊപ്പം നില്‍ക്കാനും ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കും പുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്കും കൈത്താങ്ങാകുവാനും വണ്ടര്‍ല ഹോളിഡേയ്‌സ് പ്രതിജ്ഞാബദ്ധയുടെ ഭാഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *