അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള, പുഴയില്‍ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല.ഇതോടെ പരിശോധനക്കെത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും സംഘവും മടങ്ങും. അതേസമയം സര്‍ക്കാര്‍ അനുമതിയില്ലാതെ ഇറങ്ങാന്‍ കഴിയില്ലെന്ന് ഈശ്വര്‍ മാല്‍പേ പറഞ്ഞു. കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും ഇപ്പോഴും പ്രതിസന്ധിയാണ്. എന്നാല്‍ ജില്ലാ ഭരണകൂടമായും എംഎല്‍എയുമായും ബന്ധപ്പെടുമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
അതേസമയം ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവന്‍ എം പി അറിയിച്ചിരുന്നു.
‘ഷിരൂര്‍ ദുരന്തത്തില്‍ അകപ്പെട്ട സഹോദരന്‍ അര്‍ജുനും മറ്റ് രണ്ട് കര്‍ണ്ണാടക സഹോദരങ്ങള്‍ക്കുമായുള്ള തിരച്ചില്‍ പുനരാരംഭിക്കുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിര്‍ത്തിവെച്ച തിരച്ചില്‍, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചു. പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തില്‍ അര്‍ജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈല്‍ പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കാം..’ എന്നാണ് എം പി അറിയിച്ചത്.