പള്ളം വിക്ടറി ക്ലബ്ബ് 45-ആം വാര്‍ഷിക മികവില്‍; ആഘോഷ ലോഗോ പ്രകാശനം ചെയ്തു

പാലക്കുന്ന്: ആദ്യകാല വിവിധ കലാ – കായിക ക്ലബ്ബുകളില്‍ ഇന്നും സക്രിയമായി നിലകൊള്ളുന്ന ഉദുമ പഞ്ചായത്ത് പരിധിയിലെ
കൂട്ടായ്മകളില്‍ ഒന്നാണ് പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. അതിന്റെ 45-ആം വാര്‍ഷികം ഓഗസ്റ്റ് 15 മുതല്‍ ഡിസംബര്‍ 29 വരെ വിവിധ കലാ-കായിക പരിപാടികളോടെ ആഘോഷിക്കുവാന്‍ ക്ലബ് യോഗം തീരുമാനിച്ചു. അതിന്റെ മുന്നോടിയായി തയ്യാറാക്കിയ ലോഗോ പ്രകാശനം ആദ്യകാല പ്രസിഡന്റ് പി. വി. കുഞ്ഞിക്കോരന്‍ പണിക്കര്‍ മുന്‍ പ്രസിഡന്റ് ടി. അബ്ദുല്‍ മജീദ് നല്‍കി നിര്‍വഹിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ പതാക ഉയര്‍ത്തുന്നതോടെ ഡിസംബര്‍ വരെ നീളുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. അന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ജില്ലാ തല പ്രശ്‌നോത്തരി, പ്രസംഗ മത്സരങ്ങള്‍ നടത്തും. സപ്തംബര്‍ 8ന് ഓണാഘോഷ പരിപാടി, 29ന് കാരംസ് ടൂര്‍ണമെന്റ്, ഒക്ടോബര്‍ 6ന് ഷട്ടില്‍ സി ലെവല്‍ ഡബിള്‍സ് ടൂര്‍ണമെന്റ്, ഒക്ടോബറില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്, നവമ്പര്‍ 8ന് ജില്ലാതല പുരുഷ-വനിത കമ്പവലി മത്സരം,നവംബര്‍ 10ന് മുന്‍കാല ഭാരവാഹികളുടെ സംഗമം, ഡിസംബര്‍ 8ന് ജില്ല തല സീനിയര്‍ കബഡി മത്സരവും നടത്തും. വാര്‍ഷിക ആഘോഷ സമാപന സമ്മേളനം വിവിധ കലാ-കായിക പരിപാടികളോടെ ഡിസംബര്‍ 29ന് നടത്താണ് തീരുമാനം. ആഘോഷം കമ്മിറ്റി ചെയര്‍മാന്‍ വി. വി. കെ. ബാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. ആര്‍. പ്രണവന്‍, പി. വി. ദീക്ഷിത്, പ്രഭാകരന്‍ തെക്കേക്കര, മുരളി പള്ളം, പി. പ്രണവ്,പള്ളം നാരായണന്‍, പി.പി. ശ്രീധരന്‍, കുഞ്ഞിരാമന്‍ പാക്യാര, പി .വി സുരേന്ദ്രന്‍, കണ്ണന്‍ പള്ളം, മനോജ് പള്ളം,സൂര്യ ഏവീസ്, കെ. ആകാശ്, സ്വപ്ന മനോജ്, ലക്ഷ്മി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *