മാനസികാരോഗ്യം ഉറപ്പാക്കാന്‍ ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചവ്യാധി പ്രതിരോധം: ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തി വരുന്നുണ്ട്. 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഉറപ്പാക്കും. കൂടുതല്‍ ഫീല്‍ഡുതല ജീവനക്കാരെ വീടുകളിലേക്ക് അയക്കും. മാനസികാരോഗ്യത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി. ഇത്തരം ദുരന്തങ്ങളില്‍ ദീര്‍ഘകാല മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മഴ കുറഞ്ഞത് കാരണം ക്യാമ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെക്ക് ലിസ്റ്റ് പ്രകാരം മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പിലുള്ളവര്‍ക്ക് ആരോഗ്യസേവനം ഉറപ്പാക്കിയിട്ടുണ്ട്. 14 സ്ഥലങ്ങളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്തു വരുന്നു. 84 സാമ്പിളുകള്‍ എടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആംബുലന്‍സുകള്‍ സജ്ജമാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി 138 ഫ്രീസറുകള്‍ അധികമായുണ്ട്. 225 മൃതദേഹങ്ങളും 181 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീരഭാഗങ്ങളുള്‍പ്പെടെ 406 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തി.ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *