നാഷണല്‍ കേഡറ്റ് തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കി വെള്ളിക്കോത്ത് തായ്ക്വോണ്‍ഡോ അക്കാദമിയിലെ കുട്ടികള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വിജയികള്‍ക്ക് അക്കാദമി രക്ഷാകര്‍തൃ കൂട്ടായ്മ ഗംഭീര സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: ഇത്തവണത്തെ ഏഴാമത് നാഷണല്‍ കേഡറ്റ് തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്തിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടന്നത്. 28 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള താരങ്ങളും സര്‍വീസസ് ടീമുകളില്‍ നിന്നുള്ള താരങ്ങളുമായി നിരവധി പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. ദേശീയ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി നടക്കുന്ന മത്സരമാണിത് വിജയിക്കുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി സ്‌പോര്‍ട്‌സ് കോട്ട അഡ്മിഷന്‍, ഗ്രേസ് മാര്‍ക്ക്, സര്‍ക്കാര്‍ ജോലികളില്‍ സംവരണം മുതലായ ആനുകൂല്യങ്ങള്‍ ഇതുവഴി ലഭിക്കുന്നു. വ്യത്യസ്ത കാറ്ററികളിലായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് 25 കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ അഞ്ചുപേരില്‍ നാലുപേരും കാസര്‍കോട് ജില്ലയിലെ വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമിയില്‍ നിന്നുള്ളവരാണ്. കോട്ടച്ചേരി കുന്നുമ്മലിലെ ടി.വി സുധീര്‍, വി.റീജ ദമ്പതികളുടെ മകനായ ദേവ് സുധീര്‍, തോയമ്മല്‍ കെ. രാധാകൃഷ്ണന്‍, കെ. നിഷിത ദമ്പതികളുടെ മകനായ കെ.നാനി കൃഷ്ണന്‍, ഒടയംചാല്‍ കുന്നും വയലിലെ വി. ഉണ്ണികൃഷ്ണന്‍ കെ. കെ.ലിഖിജ എന്നിവരുടെ മകളായ വാണികൃഷ്ണ, കാസര്‍ഗോഡ് പറമ്പില്‍ എ ദിവാകരന്‍ കെ സ്മിത എന്നിവരുടെ മകളായ അഞ്ജന ദേവ്, വെള്ളിക്കോത്ത് വി. വി. മധു,യു.ഡി. ദയ എന്നിവരുടെ മകളായ വി. വി. അമേയ എന്നീ കുട്ടികളാണ് സംസ്ഥാന ടീമില്‍ കാസര്‍ഗോഡിനെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ഇതില്‍ നാലുപേരും സംസ്ഥാന ടീമിന്റെ മുഖ്യ പരിശീലക നായ വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമി ഡയറക്ടര്‍ കൂടിയായ വി. വി. മധുവിന്റെ ശിഷ്യരാണ്. ഇതില്‍ 168 സെന്റീമീറ്റര്‍ വിഭാഗത്തില്‍ ദേവ് സുധീര്‍ സില്‍വര്‍ മെഡല്‍ നേടി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെയും കാസര്‍കോടിന്റെയും വിശിഷ്യാ വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമിയുടെയും അഭിമാന താരമായി മാറി. കൂടാതെ ഫിഫ്ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും നാഷണല്‍ റഫറിയുമായ മാസ്റ്റര്‍ മധുവിന് കേരള ടീമിന്റെ മുഖ്യ പരിശീലകനായി നാലാമൂഴത്തിലും കേരള ടീമിനെ നയിക്കാനായി എന്നത് പ്രശംസനീയമാണ്. നിലവില്‍ അമേച്ചര്‍ തൈക്കോണ്ടോ അസോസിയേഷന്‍ കാസര്‍ഗോഡിന്റെ പ്രസിഡണ്ട് കൂടിയാണ് വി.വി.മധു. ഏഴാമത് നാഷണല്‍ കേഡറ്റ് തായ്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് സില്‍വര്‍ മെഡല്‍ നേടിയ ദേവ് സുധീറിനും മറ്റ് സഹതാരങ്ങള്‍ക്കും കോച്ചായ വി. വി. മധുവിനും വെള്ളിക്കോത്ത് തായ്ക്വോണ്‍ഡോ അക്കാദമി രക്ഷാകര്‍തൃ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയി റങ്ങിയ താരങ്ങളെയും വി.വി മധുവിനെയും റോസാപ്പൂക്കളും ഹാരങ്ങളും അണിയിച്ച് സ്വീകരിച്ചാനയിച്ചു.ദേശീയ മത്സരത്തില്‍ കേരളത്തിന് ലഭിച്ച 3 മെഡലുകളില്‍ രണ്ട് എണ്ണം വെള്ളിയും ഒന്ന് വെങ്കലവും ആണ്. ഈ മൂന്ന് മെഡലുകളില്‍ ഒരു വെള്ളിമെഡല്‍ കേരളത്തിനുവേണ്ടി കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച് വാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് ദേവ് സുധീര്‍ പറഞ്ഞു. രക്ഷാകര്‍തൃ കൂട്ടായ്മ പ്രസിഡണ്ട് ബാബു വെള്ളിക്കോത്ത്, സെക്രട്ടറി ടി.വി. ദേവീദാസ് , ട്രഷറര്‍ എം രവീന്ദ്രന്‍, രാജീവന്‍ വെള്ളിക്കോത്ത്, രാജേഷ് വെള്ളിക്കോത്ത്,സന്തോഷ് ബാബു മാവുങ്കാല്‍, കെ രാധാകൃഷ്ണന്‍, ഭാസ്‌കരന്‍തോയമ്മല്‍ തുടങ്ങിയവരും മറ്റ് രക്ഷാകര്‍തൃ കൂട്ടായ്മ അംഗങ്ങളും സ്വീകരണത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *