വയനാട് ദുരന്ത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി എസ് വൈ എസ് കാസര്‍കോട് എമര്‍ജന്‍സി സംഘം

കാസര്‍കോട് : ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ, ചൂരല്‍മല, ചാലിയാര്‍ തീരം പ്രദേശങ്ങളിലും മേപ്പാടി, നെല്ലിമുണ്ട, കാപ്പം കൊല്ലി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനുകളിലുമായി അമ്പതോളം വരുന്ന എസ് വൈ എസ് കാസറകോട് സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങള്‍ കര്‍മസജ്ജരായി സേവനം ചെയ്യുന്നു. ഞായറാഴ്ച രാത്രി കാസര്‍കോടില്‍ നിന്നും പുറപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച മുതലാണ് സേവനം ചെയ്തു വരുന്നത്. ദുരന്തമുഖത്ത് തകര്‍ന്ന് കിടക്കുന്ന വീടുകള്‍ക്കും അവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി ക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും ജീവനറ്റ ശരീരങ്ങളെ കണ്ടെത്തുന്നതിനും സാന്ത്വനം എമര്‍ജന്‍സി വളണ്ടിയര്‍മാര്‍ വിശ്രമമില്ലാതെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മേപ്പാടി, കാപ്പം കൊല്ലി തുടങ്ങിയ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനുകളില്‍ എത്തിക്കുന്ന മയ്യിത്തുകള്‍ സംസ്‌കരിക്കുന്നതിന് വേണ്ടി രാപകല്‍ ഭേദമന്യേ സാന്ത്വനം വളണ്ടിയര്‍മാര്‍ ഖബറുകള്‍ ഒരുക്കിക്കൊണ്ടിരുന്നു.യൂനിറ്റ് കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യ വസ്ത്ര കിറ്റുകള്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു മാതൃകയായി.എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അലി ഹിമമി സഖാഫി ചെട്ടുംകുഴി, ജില്ലാ കൗണ്‍സിലര്‍മാരായ ഷമീര്‍ പാത്തൂര്‍, ഇര്‍ഫാദ് മയിപ്പാടി, ഫൈസല്‍ നെല്ലിക്കട്ടെ, സുബൈര്‍ പടന്നാക്കാട്, സിദ്ധീഖ് പൂത്തപ്പലം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *