വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ലോക്‌സഭയില്‍ എം.കെ. രാഘവന്‍

ഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.കെ രാഘവന്‍ എം.പി ലോക്‌സഭയില്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരസ്പരം പഴിചാരലുകള്‍ വേദനാജനകമാണ്.ദുരന്തത്തിന് മുമ്ബ് മുന്നറിയിപ്പ് നല്‍കിയതായി കേന്ദ്ര സര്‍ക്കാരും ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാരും അവകാശപ്പെടുന്നു. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ വേദന മാറുന്നതിന് മുമ്ബ് ഇത്തരം പഴിചാരലുകളല്ല മറിച്ച് മരണപ്പെട്ടവരുടെയും, ജീവിതകാലം മൊത്തം അധ്വാനിച്ച് നേടിയതെല്ലാം നഷ്ടപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് ഇരു സര്‍ക്കാരുകളും ശ്രമിക്കേണ്ടെതന്നും ലോക്‌സഭയിലെ ശൂന്യവേളയില്‍ സംസാരിക്കവേ എം.പി ചൂണ്ടിക്കാട്ടി.ദുരന്തമുഖത്ത് ഇപ്പോഴും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയില്‍ 48 ശതമാനവും പശ്ചിമ ഘട്ടത്തോടനുബന്ധിച്ചാണ് സ്ഥിതി ചെയ്യുന്നത്. അവിടെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ഇത്തരം മേഖലകളിലെ കാലാവസ്ഥാ വ്യതിയാനം കൃത്യമായി പ്രവചിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഐ.എം.ഡി മഴയുടെ അളവ് ഉള്‍പ്പെടെ കൃത്യമായ കാലാവസ്ഥാ വിവരങ്ങള്‍ കൈമാറാത്തതിനാല്‍ മണ്ണിടിച്ചില്‍ പ്രവചിക്കേണ്ട ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ സംവിധാനങ്ങളുടെ പരാജയമാണ് വിളിച്ചോതുന്നത്.ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാജ്യത്തെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ വിപുലീകരിക്കണം. ദുരന്തബാധിതരുടെ പുനരധിവാസത്തിന് മതിയായ സഹായം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ചില സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പ്രത്യേക സാമ്ബത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക സാമ്ബത്തിക പാക്കേജ് പ്രഖ്യാപിക്കണം. അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.ഡി.ആര്‍.എഫിന്റെ പ്രത്യേക ബറ്റാലിയനുകള്‍ അപകടമേഖലകള്‍ക്ക് സമീപം വിന്യസിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *