വയനാട് ദുരന്തം; താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കും: ജില്ലാ ഭരണകൂടം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിലെ ദുരിതബാധിതര്‍ക്കായുള്ള താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടം.
ഇതിനായി കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി മന്ത്രി കെ രാജന്‍ പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ ഒരാഴ്ചയ്ക്കകം കണ്ടെത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്‌കൂളുകളിലെ ക്യാമ്ബില്‍ കഴിയുന്നവരെ കൂടുതല്‍ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ ദുരിതബാധിതരുടെ താല്‍ക്കാലിക പുനരധിവാസം ഈ കെട്ടിടങ്ങളിലായിരിക്കും.കാണാതായവരുടെ വിവരശേഖരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ വിവരങ്ങള്‍ നോക്കി പരിശോധന നടക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രി എ കെ ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. ദുരന്തമുണ്ടായ മേഖലയില്‍ വാസയോഗ്യമായ കെട്ടിടങ്ങള്‍ എത്ര എണ്ണം ബാക്കിയുണ്ടെന്ന് അറിയാന്‍ ദുരന്തനിവാരണ വകുപ്പ് ഇന്ന് മുതലാണ് പരിശോധന നടത്തുന്നത്. കെട്ടിടങ്ങള്‍ സന്ദര്‍ശിച്ച് തറ, ഭിത്തി, മേല്‍ക്കൂര എന്നിവയുടെ ബലം പരിശോധിക്കും. എത്രമാത്രം കെട്ടിടാവശിഷ്ടങ്ങളുണ്ടെന്നും അവ നിലവിലെ കെട്ടിടത്തെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തും. ഇവിടെ ആരോഗ്യപരമായി താമസിക്കാനാകുമോ എന്നും പരിശോധിക്കും.10 സംഘങ്ങളെയാണ് പരിശോധനയക്ക് നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്തംഗം, ജിയോളജിസ്റ്റ്, സിവില്‍ എന്‍ജിനീയര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, തഹസില്‍ദാരുടെ പ്രതിനിധി എന്നിവരാണ് സംഘത്തിലുണ്ടാവുക. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുക. കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകളെയാണ് ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. പുനരധിവാസം എന്ന ലക്ഷ്യത്തിലെത്തുന്നതുവരെ താല്‍ക്കാലിക പുനരധിവാസം ഒരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫ്രീ ഫാബ് വഴി രണ്ട് മാസത്തിനുള്ളില്‍ വീട് നിര്‍മിക്കുന്നതിന് ആലോചിക്കുന്നുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ച നടത്തിയെന്നും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 27 ക്വാര്‍ട്ടേഴ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിന് ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതില്‍ 64 കുടുംബങ്ങളെ താമസിപ്പിക്കാനാകും. നാളെ നടക്കുന്ന മന്ത്രി സഭാ യോഗത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുമെന്നും എല്ലാ മേഖലയിലെയും അഭിപ്രായം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *