കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിനും, ചര്‍മ്മ മുഴ രോഗത്തിനുമെതിരായി സംയുക്ത പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു

രാജപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്ററിനറി ഡിസ്പെന്‍സറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ അഞ്ചാംഘട്ടവും, ചര്‍മ്മമുഴ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാംഘട്ടവും ഒന്നിച്ച് ആഗസ്ത് 5 മുതല്‍ സപ്തംബര്‍ 13 വരെ നടക്കും . മൃഗ സംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് കര്‍ഷകരുടെ വീടുകളില്‍ എത്തി, പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളില്‍ നിന്ന് മറ്റ് കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ വേഗത്തില്‍ വൈറസ് പകരും. കറവപ്പശുക്കളുടെ പാലുല്‍പ്പാദനം ഗണ്യമായി കുറയുകയുമെന്ന് മാത്രമല്ല, മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അനുബന്ധ അണുബാധകള്‍ പിടിപെട്ട് രോഗം ഗുരുതരമാവാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും, കാലികള്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനും ഇടയാകുന്നു . രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് പഴയ ഉത്പാദനമികവും പ്രത്യുത്പാദനക്ഷമതയും വീണ്ടെടുക്കാന്‍ കഴിയാറില്ല.
കൃത്യമായ ഇടവേളയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. ചര്‍മ്മ മുഴ രോഗത്തിന് കാരണവും വൈറസുകള്‍ തന്നെയാണ്. വൈറസുകളെ കന്നുകാലികളിലേക്ക് പടര്‍ത്തുന്നത് പ്രധാനമായും കടിയീച്ച, ചെള്ള്, കൊതുക്, പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരും. രോഗം മൂലം പശുക്കളുടെ ത്വക്കില്‍ മുഴകളും വ്രണങ്ങളുമുണ്ടാവുകയും ആരോഗ്യവും ഉത്പാദനവും ക്ഷയിക്കുകയും ചെയ്യും.
വാക്‌സിനേഷനിലൂടെ മാത്രമേ ഈ രോഗത്തെയും പ്രതിരോധിക്കാന്‍ സാധിക്കൂ.നാല് മാസമോ അതിന് മുകളിലോ പ്രായമുള്ള കന്നുകുട്ടികള്‍ക്ക് പ്രതിരോധകുത്തിവെയ്പ്പ് കള്‍ നല്‍കാം. ക്ഷീരമേഖലയില്‍ കനത്ത സാമ്പത്തികനഷ്ടവും തീരാദുരിതവും വിതയ്ക്കുന്ന ഈ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കന്നുകാലികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രെദ്ധിക്കണം എന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ക്യാമ്പയിന്‍ന്റെ ഉദ്ഘാടനം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ശൈലജ നിര്‍വഹിച്ചു.വാര്‍ഡ് കണ്‍വീനര്‍ അനീഷ്, കാലിച്ചാനടുക്കാം ക്ഷീരോല്പാദന സഹകരണ സംഗം സെക്രട്ടറി രഞ്ജിത്, വെറ്ററിനറി സര്‍ജന്‍ ഡോ. അഞ്ജിത ശിവന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ജിതിന്‍, മിറ്റേഷ്, ജെയ്ബിന്‍ ചാക്കോ, മനീഷ്, പി. ടി. എസ് ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *