കാസര്‍കോട് കോടതിയില്‍ മോഷണ ശ്രമം നടത്തിയ പ്രതി പിടിയില്‍

ആഗസ്ത് നാലിന് കാസര്‍കോട് കോടതി കോംപ്ലക്സിന്റെ മുന്‍ വശം പൂട്ട് പൊളിച്ച് അകത്ത് കയറി മോഷണ ശ്രമം നടത്തിയ കേസില്‍ പ്രതിയെ പിടികൂടിയെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയ് പറഞ്ഞു. പോലീസ് മേധാവിയുടെ ചേമ്പറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ് ആണ് പിടിയിലായത്.വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. കേസിന്റെ ഊര്‍ജ്ജിത അന്വേഷണത്തിനായി കാസര്‍കോട് ഡി.വൈ.എസ്.പിയെയും വിദ്യാനാഗര്‍ എസ്.എച്ച്.ഒയെയും ഉള്‍പ്പെടുത്തി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അന്വേഷണ സംഘം തന്ത്രപരമായും ചിട്ടയായും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി വളരെ പെട്ടെന്ന് ഈ കേസിലെ പ്രതിയെ അങ്കമാലിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. മോഷണ ശ്രമം നടത്തിയ അതേ ദിവസം പ്രതി ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍ മൂല ഹയര്‍സെക്കണ്ടറി സ്‌കൂളിലും ചെങ്കളയിലെ മില്ലിലും മോഷണം നടത്തിയിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ പങ്കെടുത്തു. വിദ്യാനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിനിന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വി. രാമകൃഷ്ണന്‍, വിജയന്‍ മേലത്ത്, സി.സി ബിജു, കാസര്‍കോട് ഫിംഗര്‍ പ്രിന്റ് എക്സ്പെര്‍ട്ട് പി. നാരായണന്‍, എ.എസ്.ഐ വി.കെ പ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സലാം, പി.റോജന്‍, എം.ടി രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.സി ഷിനോയ്, വി.വി ശ്യാംചന്ദ്രന്‍, ഗണേഷ് കുമാര്‍, കെ.വി അജിത്ത് (ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷന്‍) കാസര്‍കോട് സൈബര്‍ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിപ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *