മുണ്ടക്കൈ ദുരന്തബാധിതരെ കണ്ട് മടങ്ങി പ്രധാനമന്ത്രി; കളക്ടറേറ്റില്‍ അവലോകന യോഗം നടത്തും

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്നവരെയും കണ്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിനെത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുക്കുന്ന യോഗം ഉടന്‍ ആരംഭിക്കും. യോഗത്തില്‍ മുണ്ടക്കൈ ദുരന്തത്തിന്റെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രസന്റേഷനായാണ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് മുന്നില്‍ വെക്കുക. ഇ റിപ്പോര്‍ട്ട് കണ്ടശേഷം അദ്ദേഹം വയനാട്ടില്‍ നിന്ന് മടങ്ങുമെന്നാണ് കരുതുന്നത്. യോഗത്തില്‍ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് മുമ്ബില്‍ വെക്കും.മൂന്ന് മണിക്ക് മടങ്ങി പോകേണ്ടിയിരുന്ന പ്രധാനമന്ത്രി ആളുകളെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചതോടെ ഷെഡ്യൂളില്‍ മാറ്റം വരികയായിരുന്നു. ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്ബും സന്ദര്‍ശിച്ച പ്രധാനമന്ത്രി ക്യാമ്ബില്‍ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു. അവരുടെ വിഷമങ്ങള്‍ പ്രധാനമന്ത്രി കേട്ടു. ക്യാമ്ബില്‍ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടു. മെഡിക്കല്‍ സംഘത്തെയും കണ്ടു. ശേഷം ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തില്‍ പരിക്കേറ്റവരെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. മുഖ്യമന്ത്രിയും ഗവര്‍ണറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.കുടുംബം മുഴുവനായും നഷ്ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്ബില്‍ വെച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മേപ്പാടിയിലേക്ക് പോയത്. ചൂരല്‍മലയില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ബെയ്ലിപ്പാലത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയ പ്രധാനമന്ത്രി ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. ശേഷം റോഡ് മാര്‍ഗം ദുരന്തമേഖലയിലേക്ക് എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *