ഉരുള്‍പൊട്ടല്‍: 126 പേര്‍ ഇപ്പോഴും കാണാമറയത്ത്: ഇന്നും തെരച്ചില്‍ തുടരും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നാശംവിതച്ച ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും.ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. ക്യാമ്ബുകളില്‍ നിന്ന് സന്നദ്ധരായവരെയും തെരച്ചിലില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം.അതേസമയം, ദുരന്തത്തില്‍ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തെരച്ചില്‍ തുടങ്ങും. രാവിലെ ഒന്‍പത് മണിക്കകം നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.14 ക്യാമ്ബുകളിലായി 1,184 പേരാണ് താമസിക്കുന്നത്.അതേസമയം, വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. അഞ്ചു പേര്‍ അടങ്ങുന്ന വിദഗ്ധ സംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതില്‍ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിച്ചതെന്നും വയനാട്ടില്‍ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു.തെരച്ചില്‍, കെട്ടിടാവശിഷ്ടം നീക്കല്‍, ക്യാംപുകള്‍ തുടരാനുള്ള സഹായം എന്നിവ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പുനര്‍നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ സഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. പ്രദേശം സന്ദര്‍ശിച്ച് ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങളില്‍ കൂടുതല്‍ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കും. തിങ്കളാഴ്ച ഡൗണ്‍സ്ട്രീം കേന്ദ്രീകരിച്ച് പൂര്‍ണ തിരച്ചിലുണ്ടാകുമെന്നും വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ തുടരുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്നലെ കളക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *