കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോം: ടൈല്‍സ് പാകള്‍ തുടങ്ങി

പാലക്കുന്ന് : മഴക്കാലമായാല്‍ യാത്രക്കാര്‍ വഴുതിവീണ് പരുക്കേല്‍ക്കുന്നത് പതിവായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ടൈല്‍സ് പാകല്‍ തുടങ്ങി. പ്ലാറ്റ്‌ഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിനോട് ചേര്‍ന്ന ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്താണ് ടൈല്‍സ് പാകാന്‍ തുടങ്ങിയത്. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമിലെ വടക്കു ഭാഗത്തെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തെക്ക് ഭാഗത്ത് ടൈല്‍സ് പാകല്‍ തുടങ്ങും . റയില്‍വേ പാളത്തില്‍ നിന്ന് 86 സെന്റീമീറ്റര്‍ ഉയരത്തിലായിരിക്കണം പ്ലാറ്റ്‌ഫോം എന്നതിനാല്‍ അതില്‍ കുറവുള്ള ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉയരം ക്രമീകരിക്കുന്ന ജോലി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു . 7 അടി വീതിയില്‍ 25036 ചതുരശ്ര അടി ടൈല്‍സാണ് ആകെ പാകുന്നത്. ഏകദേശം രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മഴക്കാലമായാല്‍ നിരവധിപേര്‍ പ്ലാറ്റ്‌ഫോമില്‍ വഴുതി വീണ് പരുകേള്‍ക്കുന്നത് തുടര്‍ക്കഥയാകുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയിയിരുന്നു. തുടര്‍ന്ന് യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതിയും ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ ടൈല്‍സ് പാകാന്‍ നടപടികള്‍ കൈകൊണ്ടത്. ലയണ്‍സ് അടക്കം വിവിധ സംഘടനകള്‍ വെള്ളം ചീറ്റിച്ചും കുമ്മായം വിതറിയും വഴുക്കള്‍ മാറ്റാന്‍ എല്ലാവര്‍ഷവും താല്‍ക്കാലിക ശ്രമം നടത്തിയിരുന്നു.ഈ വര്‍ഷം സേവനത്തിന് ആരും ഒരുമ്പെട്ടില്ല. വിദ്യാര്‍ഥികളും വായോധികരും വിവിധ ആശുപത്രിയിലേക്ക് പോകുന്ന രോഗികളും അടക്കം നിരവധി യാത്രക്കാര്‍ ഈ പ്ലാറ്റ്‌ഫോമില്‍ വീണ് പരുക്ക് പറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *