ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം: യു.എസ് അന്തര്‍വാഹിനി മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ തീരുമാനം

ടെല്‍ അവീവ്: നിലവില്‍ ഇസ്രയേലിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനിടെ മിഡില്‍ ഈസ്റ്റിലേക്ക് ഗൈഡഡ് മിസൈല്‍ അന്തര്‍വാഹിനി അയക്കാന്‍ തീരുമാനിച്ച് യു.എസ്. യു.എസ്.എസ് ജോര്‍ജിയ എന്ന അന്തര്‍വാഹിനി മേഖലയിലേക്ക് പുറപ്പെട്ടുവെന്ന് റിപോര്‍ട്ടുകള്‍. ഹമാസ് മുന്‍ തലവന്‍ ആയിരുന്ന ഇസ്മയില്‍ ഹനിയേയെ വധിച്ചതിന് പ്രതികാരമായി വൈകാതെ ഇസ്രയേലിന് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇസ്രയേലിന്റെ ചെറുത്തുനില്‍പ്പിനെ സഹായിക്കുമെന്ന് യു.എസ് വ്യക്തമാക്കി. മേഖലയിലേക്ക് എഫ് 35 സി യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിയും ഉടന്‍ എത്തുമെന്ന് യു.എസ് ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. മേഖലകളിലേക്ക് യുദ്ധക്കപ്പലുകളെ യു.എസ് നേരത്തെ വിന്യസിച്ചിരുന്നു.

അതേസമയം ഉന്നത കമാന്‍ഡറായ ഫൗദ് ഷുക്‌റിനെ വധിച്ചതിന് പ്രതികാരമായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ഇസ്രയേലിനെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ട്. കൂടാതെ ആക്രമണ ഭീതി മൂലം മേഖലയിലൂടെയുള്ള നിരവധി വിമാന സര്‍വീസുകളും റദ്ദാക്കി.

ഹമാസ് തലവന്‍ വെടിനിറുത്തലിന് അനുകൂലം?

അതേസമയം ഹമാസിന്റെ പുതിയ തലവനായ യഹ്യാ സിന്‍വാര്‍ ഗാസയില്‍ വെടിനിറുത്തല്‍ ആഗ്രഹിക്കുന്നതായി ഖത്തറും ഈജിപ്റ്റും. ഇസ്രയേലിനും ഹമാസിനുമിടെയില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത് നിലവില്‍ ഇരുരാജ്യങ്ങളുമാണ്. വ്യാഴാഴ്ച മുതല്‍ വെടിനിറുത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനെതിരെ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഒക്ടോബര്‍ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സിന്‍വാറാണ്. ഗാസയില്‍ ഒളിവിലുണ്ടെന്ന് കരുതുന്ന ഇയാളെ വധിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നിലവില്‍ 39,890 കടന്നു. ഇന്നലെ മാത്രം 25 പേര്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *