കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും അസാപ് എന്‍ ടി ടി എഫ് പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു

രാജപുരം: പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അസാപ് എന്‍ ടി ടി എഫ് പരിശീലന കേന്ദ്രം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും സംഘവും സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് പട്ടിക വര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍ ടി ടി എഫിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സി എന്‍ സി വെര്‍ട്ടിക്കല്‍ മില്ലിംഗ് പരിശീലന രീതികള്‍ നേരില്‍ കാണുന്നതിനായാണ് സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ നൈപുണ്യ വികസനത്തിനായി നടപ്പിലാക്കുന്ന പരിശീലന രീതിയും ക്യാമ്പസ് നിയമന ഉത്തരവുമെല്ലാം നേരിട്ട് വിലയിരുത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം മനു , ഷിനോജ് ചാക്കോ എന്നിവരടങ്ങിയ സംഘമാണ് പരിശീലന കേന്ദ്രം സന്ദര്‍ശിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ 28 കുട്ടികളും വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ചു. ക്യാമ്പസ് തെരഞ്ഞെടുപ്പ് വഴി നിയമനം ലഭിച്ച ഈ കുട്ടികളുടെ നിയമന ഉത്തരവ് സപ്തം 2 ന് മന്ത്രി ഒ ആര്‍ കേളു നല്‍കുമെന്ന് സംഘം അറിയിച്ചു. കൂടാതെ 2024 – 25 വര്‍ഷത്തെ തൊഴില്‍ നൈപുണ്യവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനം സംഘടിപ്പിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.അസാപ് എന്‍ ടി ടിഎഫ് പരിശീലന കേന്ദ്രത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ആര്‍ അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.വികാസ് പലേരി സ്വാഗതം പറഞ്ഞു. യു ആര്‍ ബി ഗ്ലോബല്‍ അവാര്‍ഡ് കരസ്ഥമാക്കിയ ബേബി ബാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. സ്‌കില്‍ പാര്‍ക്ക് കേന്ദ്രം ഇന്‍ ചാര്‍ജ്ജ് അശ്വതി സുരേഷ് , വി എം സരസ്വതി , ഷീമ പി പി, രാധാകൃഷ്ണന്‍ വി, കെ രണ്‍ധീര്‍ എ, രത് നേഷ് ടി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *