ആര്‍ദ്ര കേരളം പുരസ്‌കാരത്തിളക്കത്തില്‍ ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത്

കാസറഗോഡ് : ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആര്‍ദ്ര കേരളം 2022 -23 പുരസ്‌കാരം ജില്ലയില്‍ മൂന്നാം സ്ഥാനം ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്. മുന്‍ വര്‍ഷങ്ങളില്‍ കായകല്‍പ്പ പുരസ്‌കാരവും കേന്ദ്ര ഗുണ നിലവാര അംഗീകാര പുരസ്‌കാരവും ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. മൂന്നാമതും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിന് പുരസ്‌കാരം ലഭിച്ചത് ഗ്രാമ പഞ്ചായത്തിന്റെയും കുടുബാരോഗ്യ കേന്ദ്രത്തിന്റെയും ആരോഗ്യ മേഖലയിലെ മികവിനുള്ള അംഗീകാരം കൂടിയായി. ആരോഗ്യ മേഖലയില്‍ വേറിട്ട നിരവധി പ്രവര്‍ത്തനങ്ങളാണ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബെള്ളൂര്‍ കുടുംബാരോഗ്യത്തിന് കീഴില്‍ നടപ്പാക്കി വരുന്നത്.

ആരോഗ്യ മേഖലയിലെ വൈവിധ്യമാര്‍ന്ന ഇടപെടലുമായി ‘സേഫ് ബെള്ളൂര്‍’ പദ്ധതി, ടിബി മുക്ത ബെള്ളൂര്‍ പദ്ധതി, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായുള്ള തണല്‍ പേപ്പര്‍ പേന നിര്‍മ്മാണ യൂണിറ്റ്, രോഗികള്‍ക്കുള്‍പ്പെടെ വിഷ രഹിത പച്ചക്കറി നല്‍കുന്നതിനായി ആരംഭിച്ച ‘ഹരിത സ്പര്‍ശം’ പദ്ധതി, ദുരിത ബാധിതര്‍ക്ക് വസ്ത്രം എത്തിച്ച് നല്‍കുന്നതിനായി ആരംഭിച്ച ഡ്രസ് ബാങ്ക് പദ്ധതി, സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘തണല്‍’ സ്വയം തൊഴില്‍ പരിശീലന പരിപാടി, യോഗ പരിശീലന പരിപാടി, മാലിന്യ സംസ്‌കരണ പരിപാടി, സാംക്രമിക, ജീവിത ശൈലീ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടത്തി വരുന്നുണ്ട്.

ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍, അംഗണ്‍വാടി ജീവനക്കാര്‍, മറ്റ് ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാമതും അംഗീകാരം ലഭിച്ചത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ബെളളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *