മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

എടത്തോട് : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാന നേട്ടം. കേരളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മത്സരത്തില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളിന്റെ കൈയ്യൊപ്പ്. ശരണ്യ.കെ, നന്ദിമ കൃഷ്ണന്‍ തുടങ്ങിയ കുട്ടികളാണ് കേരളത്തിനുവേണ്ടി ജേഴ്‌സി അണിഞ്ഞത്. സബ്ജില്ല, ജില്ല മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ റണ്ണറപ്പും നേടിയ ടീമാണ് എസ്.വി.എം.ജി.യു.പി.സ്‌കൂള്‍ എടത്തോട്. സ്വര്‍ണമെഡല്‍ നേടി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് പ്രിയ താരങ്ങള്‍. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, വ്യാപാരികള്‍, സംയുക്ത ഓട്ടോ തൊഴിലാളികള്‍, ബ്രദേഴ്‌സ് ക്ലബ്ബ്എടത്തോട്, ഗ്രാമീണ വായനശാല എടത്തോട് തുടങ്ങി ഒരു നാടിന്റെ സാംസ്‌കാരിക മുഖങ്ങളായ മുഴുവനാളുകളെയും ഉള്‍പ്പെടുത്തി , ജനകീയ സ്വീകരണമാണ് സംഘടിപ്പിച്ചത്. എടത്തോട് നിന്നും തുറന്ന വാഹനത്തില്‍ താരങ്ങളെ അണിനിരത്തി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പരപ്പ നഗരം ചുറ്റി യാത്ര എടത്തോട് സമാപിച്ചു. ആണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ ജി എച്ച് എസ് എസ് പരപ്പ യിലെ ഷാരോണ്‍ സാബുവിനെയും സബ് ജൂനിയര്‍ ടെന്നീസ് വോളീബോളില്‍ വെങ്കല മെഡല്‍ നേടിയ മദര്‍ സവിന റസിഡന്‍സ് സ്‌കൂളിലെ വൈഗ ചന്ദ്രനെയും അനുമോദിച്ചു.അനുമോദന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എസ് വി എം ജി യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ബളാല്‍ ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് വര്‍ക്കി കളരിക്കല്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തംഗം എം വി ജഗന്നാഥ്, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ വിജയന്‍, എസ് എം സി ചെയര്‍മാന്‍ മധു കോളിയാര്‍, എം പി ടി എ പ്രസിഡന്റ് ശ്രീലേഖ, എടത്തോട് ജനകീയ വായനശാല സെക്രട്ടറി ശ്രീജ എം ആര്‍, ബ്രദേഴ്‌സ് ക്ലബ്ബ് ഭാരവാഹി മനീഷ്, ഉമേശന്‍, വ്യാപാരി രവീന്ദ്രന്‍ ചിറക്കര, സ്‌കൂള്‍ അധ്യാപകനും കുട്ടികളുടെ കായിക വാസനകള്‍ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനത്തില്‍ കൂടി കായിക താരങ്ങളാക്കി വാര്‍ത്തെടുക്കുന്നതിന് നേതൃത്വം നല്‍കുന്ന പവിത്രന്‍മാഷ് ,സതീശന്‍മാഷ്,ഷാരോണ്‍ സാബു വൈഗ ചന്ദ്രന്‍, കേരള ടീം കോച്ച് പ്രസാദ് പരപ്പ, ശാലിനി, തുടങ്ങിയവര്‍ സംസാരിച്ചു. എടത്തോട് മാണിയൂരിലെ കൃഷ്ണന്‍, സിന്ധു ദമ്പതികളുടെ മകളാണ് നന്ദിമ കൃഷ്ണന്‍. പയാളത്തെ പ്രകാശന്‍, വിനീത ദമ്പതികളുടെ മകളാണ് ശരണ്യ.കെ. സിപിഐഎം ബളാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബു കാക്കനാട്ട്, ഷീലറ്റ് ദമ്പതികളുടെ മകനാണ് ഷാരോണ്‍ സാബു എടത്തോട് സി വി ചന്ദ്രന്‍, പ്രസന്ന ദമ്പതികളുടെ മകളാണ് വൈഗ ചന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *