അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം; ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിന്‍വലിച്ചു

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്ലിന്റെ പുതുക്കിയ കരട് സര്‍ക്കാര്‍ പിന്‍വലിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് കരട് പിന്‍വലിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കരട് ബില്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കനത്തവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബ്രോഡ്കാസ്റ്റിങ് ബില്ലിന്റെ പുതുക്കിയ കരട് കേന്ദ്രം പിന്‍വലിച്ചത്. എന്നാല്‍ പിന്‍വലിച്ചതിനോട് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (നിയന്ത്രണം) നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സര്‍വീസസ് റെഗുലേഷന്‍ ബില്‍ കൊണ്ടുവന്നത്.സംഘപരിവാറിനെയും മോദിസര്‍ക്കാരിനെയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വെബ്‌സൈറ്റുകള്‍, യൂടൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കനത്ത നിയന്ത്രണങ്ങള്‍ വരുത്താനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്. പൊതുജന അഭിപ്രായം രൂപീകരിക്കാന്‍ ബില്ലിന്റെ ആദ്യകരട് കഴിഞ്ഞ നവംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അതിന്റെ നവീകരിച്ച പതിപ്പ് ജൂലൈയില്‍ പുറത്തിറക്കിയെങ്കിലും വളരെ കുറഞ്ഞപേര്‍ക്കാണ് കേന്ദ്രം നല്‍കിയത്. പൊതുജനങ്ങള്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. നവീകരിച്ച ബില്ലിന്റെ കരട് ചോരാതിരിക്കാന്‍ പ്രത്യേക വാട്ടര്‍മാര്‍ക്ക് ഇട്ടാണ് പലര്‍ക്കും നല്‍കിയത്. നവീകരിച്ച ഈ ബില്ലാണ് കേന്ദ്രം പിന്‍വലിച്ചത്.നവംബറില്‍ പ്രസിദ്ധീകരിച്ച ബില്ലില്‍ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉള്‍പ്പെടുന്നത് . ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും നിര്‍ദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളെ സെന്‍സര്‍ ചെയ്യുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റേഴ്‌സും മാധ്യമപ്രവര്‍ത്തകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. യൂടൂബിലും സോഷ്യല്‍ മീഡിയകളിലും കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ്’ എന്നാണ് പുതിയ ബില്ലില്‍ നിര്‍ണയിച്ചിരിക്കുന്നത്. യൂടൂബിലും എക്‌സിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സമാന്തരമാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. എന്നാല്‍ വിദ്വേഷ, വ്യാജ,വര്‍ഗീയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂടൂബുകളെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് സര്‍ക്കാരിന്റെ ഒരു അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *