ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ സായാഹ്ന ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട്: പോലീസ്, ആര്‍.ടി.ഒ, ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പര്‍ ലോറികളെ വഴിയില്‍ തടഞ്ഞ് വന്‍പിഴ ചുമത്തുന്ന നടപടി പിന്‍വലിക്കുക, ഖനനകേന്ദ്രത്തില്‍ വെയ് ബ്രിഡ്ജ് സ്ഥാപിച്ച് പരിശോധന ഉറപ്പുവരുത്തുക, സ്‌കൂള്‍ ടൈമിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, ചരക്ക് വാഹനങ്ങളുടെ വാടക ഏകീകരിക്കുക, ക്വാറി ഉല്‍പ്പന്നങ്ങളുടെ വാടക ജില്ലാതലത്തില്‍ ഏകീകരിക്കുന്നതിന് കമ്മിറ്റിക്ക് രൂപം നല്‍കുക, ചരക്ക് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഖനനത്തിനുള്ള പെര്‍മിറ്റ് വ്യവസ്ഥ ലഘൂകരിച്ച് ജില്ലാതലത്തില്‍ നടപ്പിലാക്കുക, മണ്ണ് നീക്കാനുള്ള പെര്‍മിറ്റ് ഗ്രാമപഞ്ചായത്തില്‍ ലഭ്യമാക്കുക, കേന്ദ്ര സ്‌ക്രാപേജ് പോളിസി നിയമം 22 വര്‍ഷമാക്കുക, എഫ്.സി.ഐ ലോറി തൊഴിലാളികളെ സംരക്ഷിക്കുക, നാഷണല്‍ പെര്‍മിറ്റ് ലോറി തൊഴിലാളികളെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരിക തുടങ്ങിയ മര്‍മ്മ പ്രധാനങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടച്ചേരിയില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി കെ. വി. അനില്‍കുമാര്‍ കിഴക്കുംകര അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കാരാട്ട്, വിജയന്‍ കുശാല്‍നഗര്‍, ബാബു കാഞ്ഞങ്ങാട് സൗത്ത് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. ബാബു വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *