പാലക്കുന്ന് ക്ഷേത്രത്തില്‍ നന്ദാര്‍ദീപത്തിന് തിരി തെളിഞ്ഞു;വീടുകളില്‍ ‘ചിങ്ങവെള്ള’വും ‘കുറിയിട’ലും തുടങ്ങി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടക സംക്രമത്തില്‍ അടച്ച തിരുനട ചിങ്ങം സംക്രമ ദിവസമായ ഇന്നലെ (വെള്ളിയാഴ്ച) തുറന്നു. നിത്യ നൈമിത്തിക ചടങ്ങുകളുമായി ബന്ധപ്പെട്ട തിരുവായുധങ്ങളും മറ്റും തുടച്ചു വൃത്തിയാക്കി ശുദ്ധിയോടെ അതിനായുള്ള ഇരിപ്പിടങ്ങളില്‍ വെച്ചു. ഭണ്ഡാരവീട്ടിലും ക്ഷേത്രത്തിലും അടിച്ചുതളി നടത്തി. കെട്ടിചുറ്റിയ തെയ്യങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയ ശേഷം സവിശേഷമായ നന്ദാര്‍ദീപത്തിന് ഭണ്ഡാരവീട്ടിലെ പള്ളിയറയില്‍ തിരി കൊളുത്തി.

ചിങ്ങം മുഴുവന്‍ നന്ദാര്‍ദീപം കെടാവിളക്കായി പള്ളിയറയില്‍ പ്രകാശം ചൊരിയും. ഒരു കാരണവശാലും ദീപം അണഞ്ഞു പോകാതിരിക്കാന്‍ പൂജാരിയെ കൂടാതെ ഒരു കര്‍മിയും ഭണ്ഡാര വീട്ടില്‍ സദാ നേരവും ഉണ്ടായിരിക്കും. കോലത്തുനാട്ടില്‍ ഏതാനും ക്ഷേത്രങ്ങളില്‍ മാത്രം അനുഷ്ഠിച്ചു വരുന്ന ചടങ്ങാണിണ്. അതിന്റെ ഭാഗമായി ചിങ്ങത്തിലെ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഭക്തരുടെ പ്രാര്‍ഥന നേര്‍ച്ചാ സമര്‍പ്പണമായി കൂട്ടം അടിയന്തിരവും മറ്റുള്ള ദിവസങ്ങളില്‍ അടിച്ചുതളി സമാരാധനയും ഉണ്ടാകും. കെട്ടിചുറ്റിയ തെയ്യങ്ങള്‍ ദര്‍ശനം നല്‍കുന്ന നേര്‍ച്ചയാണ് കൂട്ടം. ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്നതിന്റെ പ്രസാദം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വിഭവസമൃദ്ധമായ ഉച്ച ഭക്ഷണമായി വിളമ്പുന്ന വേറിട്ട നേര്‍ച്ചകളാണ് ഇവ രണ്ടും .നേര്‍ച്ച നടത്തുന്നവരുടെ താല്പര്യമനുസരിച്ച് പായസവും ഉണ്ടാകും.

ശ്രീകൃഷ്ണ ജയന്തി, ഉത്രാടം, ഓണം, കന്നി സംക്രമം നാളുകളില്‍ ഈ നേര്‍ച്ചകള്‍ ഉണ്ടായിരിക്കില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ ചൊവ്വാഴ്ച്ച അടിച്ചുതളിയും വെള്ളിയാഴ്ച കൂട്ടവും പ്രാര്‍ഥനയായി നടത്താം.മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ തന്നെ മാസങ്ങളുടെ കാത്തിരിപ്പ് ഇതിനായി വേണ്ടിവരുന്നുണ്ട്. ഓഗസ്റ്റ് 23ന് ക്ഷേത്ര യു.എ.ഇ.കമ്മിറ്റിയുടെയും 27 ന് ഭഗവതി സേവാ സീമെന്‍സ് അസോസിയേഷന്റെയും വകയായിരിക്കും കൂട്ടം. ക്ഷേത്ര കലണ്ടറില്‍ ചിങ്ങത്തില്‍ തീയതി കുറിച്ച് നടത്തുന്ന പതിവ് സമര്‍പ്പണങ്ങളാണിവ.
വീടുകളില്‍ ഇന്ന്മുതല്‍ ‘കുറി വരയ്ക്ക’ലും പൂജാമുറിയില്‍ ‘ചിങ്ങവെള്ളം’ വെക്കുന്നതും വടക്കരുടെ ചിങ്ങ വിശേഷങ്ങളാണ്. കന്നിസംക്രമം വരെ ഇത് തുടരും.

Leave a Reply

Your email address will not be published. Required fields are marked *