ചിങ്ങം പിറന്നതോടെ കര്‍ക്കിടക തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു മഡിയന്‍ കൂലോത്ത് സംഗമിച്ച ശേഷമാണ് തെയ്യങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞത് ഇനി അടുത്ത വര്‍ഷത്തെ കര്‍ക്കിടക മാസത്തില്‍ കുട്ടി തെയ്യങ്ങള്‍ ഗ്രാമസഞ്ചാരം നടത്താന്‍ തിരികെയെത്തും

കാഞ്ഞങ്ങാട്: ഐശ്വര്യത്തിന്റെ പൊന്നിന്‍ ചിങ്ങം പിറന്നതോടെ കര്‍ക്കിടക തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു. പഞ്ഞമാസമായ കര്‍ക്കിടകത്തിലെ ആതി വ്യാദികള്‍ അകറ്റാനാണ് കര്‍ക്കിടക തെയ്യങ്ങള്‍ വീടുകളില്‍ എത്തുന്നത്. അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മടിയന്‍ കൂലോത്ത് ആടിമാസ തെയ്യങ്ങള്‍ സംഗമിച്ച് ക്ഷേത്രനടയില്‍ ആടിയ ശേഷമാണ് തറവാടുകളിലേക്കും വീടുകളിലേക്കും പുറപ്പെടുന്നത്. ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ കുട്ടിയങ്ങളുടെ ദേശസഞ്ചാരത്തിന് സമാപനം കുറിച്ചാണ് കര്‍ക്കിടക സംക്രമ ദിവസം ചടങ്ങ് നടന്നത്. സാധാരണ തെയ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ തെയ്യങ്ങള്‍ കെട്ടുന്നത് ചെറിയ കുട്ടികളാണ് ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരം ഈ കുട്ടി തെയ്യങ്ങള്‍ ഓരോ വീടുകളിലും കയറിയിറങ്ങും. പാര്‍വതിയും പരമേശ്വരനും ആണ് ഈ കുട്ടി തെയ്യങ്ങളുടെ അടിസ്ഥാനം ആടിയെന്ന പാര്‍വതി വേഷം കെട്ടുന്നത് വണ്ണാന്‍ സമദായത്തിലെ കുട്ടികളും എന്ന ശിവ വേഷം കെട്ടുന്നത് മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്. നല്‍ക്കത്തായ സമുദായത്തിലെ കുട്ടികള്‍ ഗളിഞ്ചന്‍ തെയ്യം കെട്ടുന്നു. ആചാരക്കാരുടെ വീടുകളില്‍ നിന്നും തെയ്യത്തിന്റെ ആടയാഭരണങ്ങളും വേഷങ്ങളും അണിഞ്ഞ ശേഷം ഈ മൂന്ന് കുട്ടി തെയ്യങ്ങളും മടിയന്‍കൂലോം ക്ഷേത്ര നടയില്‍ എത്തുന്നു. ക്ഷേത്ര നടയിലെത്തിയ തെയ്യങ്ങളെ തിരിതെളിച്ച് വച്ച് വരവേറ്റു തെയ്യങ്ങള്‍ ഭണ്ഡാര കാഴ്ച കണ്ട് മഞ്ഞക്കുറി തൊട്ട് അധികാരികളുടെ അനുവാദം ചോദിച്ച ശേഷം ക്ഷേത്രനടയില്‍ ചുവടുകളില്‍ വച്ചു ആടിയും വേടനും ക്ഷേത്ര നടയിലും ഗളിഞ്ചന്‍ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുമാണ് ആടിയത്. പിന്നീട് മൂന്ന് കുട്ടിതെയ്യങ്ങളും ക്ഷേത്രത്തില്‍ സംഗമിച്ച ശേഷം ദേശാധിപനായ ക്ഷേത്രപാലകനെയും കാളരാത്രി അമ്മയെയും, നടയില്‍ ഭഗവതിയെയും മറ്റ് ഉപ ദൈവങ്ങളെയും കണ്ട് വന്ദിച്ച് ചുറ്റുമുള്ള തറവാടുകളിലും വീടുകളിലേക്കും പുറപ്പെട്ടു. തറവാടുകളിലും വീടുകളിലും ഭക്തജനങ്ങള്‍ മഞ്ഞള്‍, ചുണ്ണാമ്പ്, ഭസ്മം എന്നിവ കൊണ്ട് തയ്യാറാക്കിയ ഗുരുശിയുഴിഞ്ഞു കുട്ടി തെയ്യങ്ങളെ വരവേറ്റു. ഗുരുശി വെള്ളം മുറ്റത്ത് കത്തിച്ചുവച്ച തിരിക്ക് ചുറ്റും ഒഴിക്കുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങുമെന്നാണ് വിശ്വാസം. വീടുകളിലെയും തറവാടുകളിലെയും മുറ്റത്താടിയ തെയ്യങ്ങള്‍ക്ക് കാണിക്ക സമര്‍പ്പണവും നടന്നു. തെയ്യം കലാകാരന്മാര്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാത്ത കര്‍ക്കിടകത്തില്‍ ദാരിദ്ര്യം അകറ്റാനുള്ള ഒരു മാര്‍ഗ്ഗം കൂടിയായിരുന്നു പണ്ടുകാലത്ത് കുട്ടി തെയ്യങ്ങളുടെ ദേശസഞ്ചാരം. വീടുകളില്‍ എത്തുന്ന തെയ്യത്തിന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയും നല്‍കിയായിരുന്നു പണ്ടത്തെ പതിവ്. ഇന്ന് മുതല്‍ ചിങ്ങമാസ സംക്രമം വരെ ഇനി വീടുകളിലും തറവാടുകളിലും മുറ്റത്ത് പൂക്കളവും തീര്‍ക്കും. പാശുപ താസ്ത്രം ലഭിക്കാന്‍ തപസ് ചെയ്ത അര്‍ജുനനെ പരീക്ഷിക്കാനായി ശിവ പാര്‍വതിമാര്‍ വേടരൂപത്തില്‍ പ്രത്യക്ഷപ്പെട്ട കിരാത കഥയാണ് ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ കര്‍ക്കിടക തെയ്യങ്ങളുടെ പുരാവൃത്തം. മഡിയന്‍ കൂലോം പരിധിയിലെ ക്ഷേത്രങ്ങളിലും തറവാടുകളിലും ആടിയ തെയ്യങ്ങള്‍ നാളെ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര പരിധിയിലും ആടിയ ശേഷം കര്‍ക്കിടകത്തിലെ മാരിയകറ്റി കുട്ടി തെയ്യങ്ങളുടെ ദേശസഞ്ചാരത്തിന് സമാപനം ആകും. ഇനി അടുത്ത വര്‍ഷത്തെ കര്‍ക്കിടക മാസത്തില്‍ തിരികെയെത്താം എന്ന് പറയാതെ പറഞ്ഞ് ഉപചാരം ചൊല്ലി ഗ്രാമ വീഥികളില്‍ നിന്ന് അരങ്ങൊഴിയും.

Leave a Reply

Your email address will not be published. Required fields are marked *