വര്‍ണ്ണങ്ങള്‍ കൊണ്ട് സ്‌നേഹസ്പര്‍ശം തീര്‍ത്ത് സ്‌നേഹവീട്ടില്‍ ചിത്രകാര്‍ കേരള

രാജപുരം: പൂവും പൂമ്പാറ്റയും കിളികളും മരങ്ങളും ആനയും മുയലും മരവും മലയും സൂര്യനും വിറയാര്‍ന്ന കൈവിരലുകളാല്‍ വരച്ചു തീര്‍ത്തപ്പോള്‍ ശരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് അതൊരു കൗതകകാഴ്ച്ചയായി. മനസ്സും ശരീരവും മുരടിച്ച കുട്ടികള്‍ക്ക് വേണ്ടി ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകാര്‍ കേരള അമ്പലത്തറ സ്‌നേഹവീട്ടില്‍ സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശത്തിലാണ് കുട്ടികള്‍ നിറങ്ങളുടെ ലോകം തീര്‍ത്തത്.വെളുത്ത പ്രതലത്തില്‍ ശാരീരം വഴങ്ങാത്ത വിരലുകള്‍ കൊണ്ട് വരച്ച ചിത്രങ്ങളില്‍ വര്‍ണ്ണങ്ങള്‍ നിറഞ്ഞമ്പോള്‍ സ്‌നേഹവീട്ടിലെ കുഞ്ഞുങ്ങളുടെ മുഖത്ത് മഴവില്‍ പുഞ്ചിരി വിടര്‍ന്നു. എന്‍ഡോസള്‍ഫാന്‍ കൊടുതികളാല്‍ പൊറുതിമുട്ടുന്ന കുട്ടികള്‍ക്ക് സ്വാന്തന സ്പര്‍ശമേകാനാണ് ചിത്രകാരന്മാരും സാഹിത്യകാരന്മാരും ചിത്രകാര്‍ കേരളയുടെ നേതൃത്വത്തില്‍ സ്‌നേഹവീട്ടില്‍ ഒത്തു ചേര്‍ന്നത്. ചിത്രം വരച്ചും കവിതകള്‍ ചൊല്ലിയും കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തും പാട്ട് പാടിയും ഒരു പകല്‍ അവര്‍ക്കൊപ്പം കലാകാരന്മാര്‍ ചിലവഴിച്ചു. സ്‌നേഹവീട്ടിലെ കുട്ടികള്‍ക്ക് വരക്കാനാവശ്യമായ ചിത്രപുസ്തകങ്ങളും കളര്‍ പെന്‍സിലും വര്‍ണ്ണക്കൂട്ടുകളും നല്‍കി ചിത്രങ്ങള്‍ വരക്കാന്‍ അവസരമൊരുക്കി. സാഹിദ്യകാരന്‍ അംബികാസുതന്‍ മാങ്ങാട് സ്‌നേഹസ്പര്‍ശം ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ മഹിപാല്‍ പാട്ടുകളുമായി ഒപ്പം ചേര്‍ന്നു.കവികളായ ദിവാകരന്‍ വിഷ്ണുമംഗലം, ബാലഗോപാലന്‍ കാഞ്ഞങ്ങാട്, നാടക പ്രവര്‍ത്തകരായ അരവി ബേക്കല്‍, നാരായണന്‍ അമ്പലത്തറ, രാജേന്ദ്രന്‍ മിങ്ങോത്ത്, രതീഷ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *