ബേക്കൂര്‍ സ്‌കൂളില്‍ റാഗിംഗ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതിനെതിരെ ശക്തമായ നടപടി വേണമെന്ന് കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു

മംഗല്‍പാടി ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അവരെ സഹായികളായെത്തിയ ഏതാനും പേരും കയ്യേറ്റം ചെയ്തു. ജനം ടി.വി റിപ്പോര്‍ട്ടറും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസറഗോഡ് ജില്ല ജോയിന്റ് സെക്രട്ടറിയുമായ ധനരാജിനെയാണ് കയ്യേറ്റം ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ജോലിയുടെ ഭാഗമായി ആ വഴി പോകുകയായിരുന്ന ധനരാജ് കുട്ടികള്‍ തമ്മില്‍ റോഡില്‍ വച്ച് അടിപിടി കൂടുന്നത് കണ്ട് വിവരം പ്രധാനഅധ്യാപകനെ അറിയിക്കുകയായിരുന്നു. അധ്യാപകരും മറ്റും സ്ഥലത്തെത്തി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളെ പിന്തിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പിരിഞ്ഞു പോകാത്ത വിദ്യാര്‍ത്ഥികള്‍ ആ വഴി വന്ന ബസ്സില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏതാനും വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ബസ്സില്‍ വെച്ചും അടിപിടി തുടങ്ങി. ഇതും ധനരാജ് പകര്‍ത്തി. തുടര്‍ന്ന് ബസ്സില്‍ നിന്നിറങ്ങിയ ധനരാജ് സ്‌കൂള്‍ അധ്യാപകരുമായി സംസാരിക്കാനും സ്‌കൂള്‍ കവാടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ശ്രമിക്കവെയാണ് ഏതാനും ചില ആള്‍ക്കാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ധനരാജിനെ വളഞ്ഞത്. പ്രസ്സ് ഐഡി കാര്‍ഡും മൊബൈല്‍ ഫോണും തട്ടിപ്പറിക്കുകയും പകര്‍ത്തിയ വീഡിയോകള്‍ ഡിലീറ്റ് ചെയ്തതിനുശേഷം ഇവ തിരിച്ചു നല്‍കുകയും ഇനി ഈ ഭാഗത്ത് വരികയോ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുകയോ ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് ധനരാജ് പറഞ്ഞു. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റാഗിങ്ങിനും കൈയ്യേറ്റം ചെയ്യുന്നതിനും നേതൃത്വം നല്‍കുകയും വിദ്യാര്‍ത്ഥികളെ തെറ്റായ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ബാഹ്യ ശക്തികളെ കണ്ടെത്തി തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് കെ ജെ യു സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാര്‍ , ജില്ല പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവാര്‍, സെക്രട്ടറി സുരേഷ് കൂക്കള്‍, ട്രഷററും കുമ്പള പ്രസ്‌ഫോറം പ്രസിഡന്റുമായ സുരേന്ദ്രന്‍ ചീമേനി, സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *