ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 9 രൂപ അധിക വില പ്രഖ്യാപിച്ച് തിരുവനന്തപുരം മില്‍മ

തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് 9 രൂപ വീതം അധിക വില നല്‍കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. ഇതില്‍ 7 രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കുന്നതും 2 രൂപ മേഖല യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുന്നതുമാണ്.

ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുന്ന 7 രൂപയില്‍ 5 രൂപ ക്ഷീരകര്‍ഷകര്‍ക്ക് നല്കണം. 2 രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിനായി വിനിയോഗിക്കാം. 2024 ജൂലൈയില്‍ സംഘങ്ങള്‍ യൂണിയന് നല്‍കിയ പാലളവിന് ആനുപാതികമായി ആഗസ്റ്റ് മാസത്തിലെ പാല്‍ വിലയോടൊപ്പമായിരിക്കും ഇന്‍സെന്റീവ് നല്‍കുക.

ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ലിറ്ററൊന്നിനു 53.76 രൂപയായി വര്‍ദ്ധിക്കും. ഇതിനായി ഏകദേശം 6.40 കോടി രൂപയുടെ അധിക ചെലവാണ് മേഖല യൂണിയന്‍ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം മേഖല യൂണിയന്‍ 2023-24 സാമ്പത്തികവര്‍ഷം അധിക പാല്‍വില നല്‍കുന്നതിനായി 11.78 കോടി രൂപയും 2024-25 സാമ്പത്തിക വര്‍ഷം നാളിതു വരെ 1.37 കോടിയും ചെലവഴിച്ചതായി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *