കാട്ടുപന്നി ശല്യം; രക്ഷകരായി ഇനി കര്‍ഷക രക്ഷാസേനയെത്തും

ശ്രീകണ്ഠപുരം: കാട്ടുപന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്ന മലയോര കര്‍ഷകര്‍ക്ക് രക്ഷകരായി പന്നികളെ ഇല്ലാതാക്കാന്‍ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കൃഷിയിടങ്ങളില്‍ ഇനി കര്‍ഷക രക്ഷാസേനയെത്തും.കാട്ടുപന്നി ശല്യം കാരണം മലമടക്കുകളില്‍ കാര്‍ഷിക വിളകളുടെ ഉല്‍പാദനത്തില്‍ വല്‍തോതില്‍ കുറവുണ്ടാവുകയും ഇതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കനുകൂലമായി സര്‍ക്കാര്‍ ഉത്തരവുണ്ടായത്.ഇതു പ്രകാരമാണ് ജില്ലയിലെ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ഷക രക്ഷാസേനയെ നിയോഗിച്ചത്. നടുവില്‍ പുലിക്കുരുമ്ബ സ്വദേശിയായ ബെന്നി മുട്ടത്തില്‍ സെക്രട്ടറിയും തോമസ് മേപ്രക്കാവില്‍ പ്രസിഡന്റുമായുള്ള 17 അംഗങ്ങളുടെ കൂട്ടായ്മയായ കര്‍ഷക രക്ഷാസേനയാണ് നിലവില്‍ ജില്ലയില്‍ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നി വേട്ടക്കിറങ്ങിയത്. അംഗീകൃത തോക്കുകളും വേട്ടനായ്ക്കളെയും ഉപയോഗിച്ചാണ് ഇവര്‍ പന്നികളെ ഇല്ലാതാക്കുന്നത്.ഓരോ തദ്ദേശ സ്ഥാപനങ്ങളും യോഗം ചേര്‍ന്ന് തീരുമാനെമെടുത്ത് അപേക്ഷ നല്‍കുന്നതിനനുസരിച്ചാണ് സേന എത്തുക. നിലവില്‍ ശ്രീകണ്ഠപുരം നഗരസഭയിലാണ് സേന കാട്ടുപന്നികളെ കൊല്ലുന്നത്. കഴിഞ്ഞ രണ്ടുദിനംകൊണ്ട് ഇവിടെ മാത്രം ഒരു പന്നിയെ വകവരുത്തുകയും എട്ട് പന്നികളെ കാട്ടിലേക്ക് തുരത്തുകയും ചെയ്തതായി നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന പറഞ്ഞു.ഇതിനോടകം നടുവില്‍, ഉദയഗിരി, മാടായി, മലപ്പട്ടം, മയ്യില്‍, ഏരുവേശ്ശി തുടങ്ങിയ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെയെത്തിയ കര്‍ഷക രക്ഷാസേന കൃഷി സ്ഥലങ്ങളിലിറങ്ങിയ നിരവധി കാട്ടുപന്നികളെ വെടിവെച്ച് കൊന്നിട്ടുണ്ട്. നടുവില്‍ പഞ്ചായത്തിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി ഇത്തരത്തില്‍ കാട്ടുപന്നികളെ കൊല്ലുന്നത്. കര്‍ഷക രക്ഷാസേന രംഗത്തിറങ്ങിയതോടെ വരും നാളുകള്‍ കുടിയേറ്റ മണ്ണില്‍ കര്‍ഷക സ്വപ്നങ്ങള്‍ക്ക് നിറമുള്ള രാവുകളുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *