വിവരം ലഭ്യമല്ല എന്ന മറുപടി സ്വീകാര്യമല്ല: വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ നിയമപ്രകാരമുള്ള ഫയലുകളില്‍ വിവരം ലഭ്യമല്ല എന്ന മറുപടി സ്വീകാര്യമല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ വിവരവകാശ നിയമപ്രകാരംഫയല്‍ ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതും ലഭ്യമാക്കേണ്ടതുമാണ്. നിയമം അനുശാസിക്കുന്ന സമയ പരിധിക്കകം വിവരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അപ്പീല്‍ അപേക്ഷകളില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ നല്‍കാനായി 30 ദിവസം വരെ കാത്തിരിക്കേണ്ടതില്ലെന്നും പരമാവധി വേഗത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്‍കുന്ന വിവരങ്ങള്‍ വ്യക്തമായിരിക്കണം. ജില്ലയില്‍ കൂടുതലായും സെക്കന്റ് അപ്പീലുകള്‍ ഉണ്ടാകുന്നു. ഓഫീസുകളിലെ അപ്പീല്‍ അധികാരി നല്‍കുന്ന മറുപടിയിലും തൃപ്തരല്ലാത്ത അപേക്ഷകരാണ് കമ്മീഷന് മുന്നിലേക്ക് വരുന്നത്. ഓരോ ഓഫീസുകളിലും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് വെക്കേണ്ടതാണ്. വിവിധ ഓഫീസുകളില്‍ കമ്മീഷന്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ നല്‍കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ വിവരം അപേക്ഷകനെ നിശ്ചിത ദിവസങ്ങള്‍ക്കകം അറിയിക്കണമെന്നും കൂടുതല്‍ ഗൗരവത്തോടെ ഉദ്യോഗസ്ഥര്‍ വിവരാവകാശം സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന് മുന്നിലെത്തുന്ന അപ്പീല്‍ അപേക്ഷകള്‍ വര്‍ധിക്കുന്നതിലാല്‍ ഇവ തീര്‍പ്പാക്കുന്നതിനായി കമ്മീഷന്‍ വിവിധ ജില്ലകളില്‍ കൂടുതല്‍ സിറ്റിങുകള്‍ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേയും കമ്മീഷന്‍ നടപടി സ്വീകരിക്കും തെളിവെടുപ്പില്‍ പത്ത് അപ്പീല്‍ അപേക്ഷകള്‍ പരിഗണിച്ചു. അഞ്ച് എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഭൂമിയുടെ സ്‌കെച്ച്, ജീവനക്കാരന്റെ എല്‍.പി.സി, ഫയല്‍ നമ്പര്‍ തുടങ്ങിയവയില്‍ കമ്മീഷന് ലഭിച്ച അപ്പീല്‍ അപേക്ഷകളിലാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലയിലെ വിവരാവകാശ നിയമ പ്രകാരം ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശില്‍പശാല സംഘടിപ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *