തദ്ദേശ അദാലത്ത് സെപ്തംബര്‍ മൂന്നിന് ജില്ലയില്‍ ഇതുവരെ ഓണ്‍ലൈനായി 330 പരാതികള്‍ ലഭിച്ചു

സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 8.30 മുതല്‍ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നേതൃത്വം നല്‍കും. പൊതുജനങ്ങള്‍ക്ക് ആഗസ്ത് 29 വരെ adalat.lsgkerala.gov.in എന്ന വെബ്പോര്‍ട്ടലില്‍ പരാതി സമര്‍പ്പിക്കാം. അദാലത്ത് ദിവസമായ സെപ്തംബര്‍ മൂന്നിന് നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കും.എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, അര്‍ബന്‍ ഡയറക്ടര്‍, റൂറല്‍ ഡയറക്ടര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ തുടങ്ങി സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും. ജില്ലയിലെ എം.എല്‍.എമാരും എം.പിയും രക്ഷാധികാരികളാണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും.അദാലത്ത് രജിസ്ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിക്കും. ബില്‍ഡിംഗ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവല്‍ക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസന്‍സ്, സിവില്‍ രജിസ്ട്രേഷന്‍, നികുതികള്‍ ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാലിന്യ സംസ്‌കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങള്‍. ഇതുവരെ ഓണ്‍ലൈനായി 330 പരാതികള്‍ ലഭിച്ചു. നിലവില്‍ ലഭിച്ച പരാതികളില്‍ ബില്‍ഡിംഗ് പെര്‍മിറ്റ്, സിവില്‍ രജിസ്ട്രേഷന്‍, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സുരക്ഷാ പെന്‍ഷന്‍, ഗുണഭോക്തൃ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച പരാതികളാണ് ലഭിച്ചതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *