വയനാട് ദുരന്തം: ലോണ്‍ എഴുതി തള്ളാന്‍ ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച് കുടുംബശ്രീ

വയനാട്: വയനാട് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബ ശ്രീ അയല്‍ക്കൂട്ടങ്ങളുടെ ലോണ്‍ എഴുതി തള്ളാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ സമീപിച്ച് കുടുംബശ്രീ മിഷന്‍.ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി 3.66 കോടി രൂപയാണ് വിവിധ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. മേഖലയിലെ കുടുംബശ്രീക്ക് കീഴിലുള്ള മുഴുവന്‍ മൈക്രോ സംരംഭങ്ങളും ഉരുള്‍പൊട്ടലോടെ ഇല്ലാതായ പശ്ചാത്തലത്തിലാണ് നടപടി.ഉരുള്‍ കവര്‍ന്ന മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി ആകെ ഉണ്ടായിരുന്നത് 62 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ്. 685 പേരായിരുന്നു അംഗങ്ങള്‍. ഉരുള്‍പൊട്ടലില്‍ 47അംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലിങ്കജ് ലോണ്‍ ഉള്‍പ്പെടെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഉണ്ടായിരുന്ന കട ബാധ്യത 3.66കോടി രൂപയായിരുന്നു. ഇതിന് പുറമെ കുടുംബ ശ്രീ മൈക്രോ സംരംഭങ്ങളും ബാങ്കുകളില്‍ പണം തിരിച്ചടക്കാനുണ്ട്. പക്ഷെ ആകെ ഉണ്ടായിരുന്ന 18 സംരംഭങ്ങളില്‍ ഒന്ന് പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ വായ്പ എഴുതി തള്ളണം എന്ന ആവശ്യവുമായി കുടുംബശ്രീ മിഷന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയെ സമീപിച്ചത്.
അതേസമയം, ക്യാമ്ബുകളില്‍ നിന്നും വാടക വീടുകളിലേക്ക് ഉള്ളപ്പടെ മാറിയ കുടുംബ ശ്രീ അംഗങ്ങള്‍ക്ക് സംരംഭം തുടങ്ങാനായി അടിയന്തിര സഹായം എന്ന നിലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിലേക്ക് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദുരന്ത ബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന സ്ഥലങ്ങളില്‍ തൊഴില്‍ ഉറപ്പ് വരുത്താനുള്ള പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *