പച്ചക്കറി കൃഷിയില്‍ വിജയഗാഥയുമായി സഹോദരങ്ങള്‍: അര ഏക്കര്‍ സ്ഥലത്ത് നരമ്പന്‍ പച്ചക്കറി കൃഷി ചെയ്താണ് രാവണേശ്വരത്തെ സഹോദരങ്ങളായ പി.രാധാകൃഷ്ണനും പി. മഞ്ജുനാഥനും നൂറുമേനി വിളവ് ഉല്പാദിപ്പിച്ചിരിക്കുന്നത്

രാവണേശ്വരം: രാവണേശ്വരത്തെ സഹോദരങ്ങളായ പി . രാധാകൃഷ്ണനും പി . മഞ്ജുനാഥനും പച്ചക്കറി കൃഷി രംഗത്തെ പരിചയം ഇന്നും ഇന്നലെയും ഉള്ളതല്ല. വര്‍ഷങ്ങളായി ഇവര്‍ കൃഷി ചെയ്ത് വിവിധ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ വിളയിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ പച്ചക്കറി കൃഷി വിളവെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഇവര്‍ പറയുന്നു. ‘ഓണത്തിന് ഒരു മുറം പച്ചക്കറി ‘എന്ന ആശയവുമായി സി.പി.ഐ.എമ്മി ന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും കര്‍ഷക സംഘത്തിന്റെയും ആഹ്വാനം അനുസരിച്ചാണ് ഇവര്‍ ഇപ്രാവശ്യം കൃഷിയിലേക്ക് തിരിഞ്ഞത്. പാര്‍ട്ടിയുടെയും മറ്റ് ബഹുജന കര്‍ഷക സംഘടനകളുടെയും ഭാരവാഹിത്വം വഹിക്കുന്നതിനോടൊപ്പമാണ് ഇവര്‍ കൃഷിയും കൊണ്ടുപോകുന്നത്. 50 സെന്റ് സ്ഥലത്ത് ജൈവ കൃഷി രീതിയിലൂടെയാണ് ഇവര്‍ ഞരമ്പനും മറ്റ് വിളകളായ പാവയ്ക്ക, മത്തന്‍ എന്നീ പച്ചക്കറികള്‍ കൃഷി ചെയ്ത് വിജയഗാഥ രചിച്ചിരിക്കുന്നത്. രാവണേശ്വരത്തെ പാരമ്പര്യ കര്‍ഷകനും അജാനൂര്‍ കൃഷിഭവന്റെ മികച്ച കര്‍ഷക ജേതാവ് കൂടിയായ കരിപ്പാടക്കന്‍ ചന്തുവിന്റെ മക്കളാണ് ജേഷ്ഠാനുജന്മാരായ മഞ്ജുനാഥനും രാധാകൃഷ്ണനും.തങ്ങളുടെ ഈ കൃഷി കണ്ട് യുവ തലമുറയും കാര്‍ഷിക, പച്ചക്കറി കൃഷി രംഗത്തേക്ക് വരും എന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളുടെ പച്ചക്കറി കൃഷിയില്‍ നിന്ന് ഒരു തവണത്തെ വിളവെടുപ്പില്‍ ഏകദേശം 50 കിലോയോളം നരമ്പന്‍ ലഭിക്കുന്നുണ്ടെന്ന് പി. മഞ്ജുനാഥന്‍ പറഞ്ഞു. പച്ചക്കറി കൃഷി സ്ഥലത്ത് തന്നെ ആളുകള്‍ വാങ്ങാന്‍ എത്തുന്നതുകൊണ്ട് വിപണിയെ ഒരു പരിധി വരെ ആശ്രയിക്കേണ്ടി വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവണേശ്വരം കുന്നുപാറയിലെ കൃഷി സ്ഥലത്ത് നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ഈ സഹോദരങ്ങളുടെ കൃഷിയിലെ മാതൃക മറ്റുള്ള ആളുകളും പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു. വിളവെടുപ്പ് ഉത്സവത്തില്‍ പി. കൃഷ്ണന്‍, എ. പവിത്രന്‍ മാസ്റ്റര്‍, കെ. വി.സുകുമാരന്‍, പ്രജീഷ് കുന്നുംപാറ, എസ്. ശശി, ജൈവ കര്‍ഷകനായ ഗണേശന്‍ മാക്കി എന്നിവര്‍ സംബന്ധിച്ചു. സഹോദരങ്ങളുടെ ഈ പച്ചക്കറി കൃഷിയില്‍ നിന്ന് മൊത്തത്തില്‍ 10 കിന്ഡലോളം വിളവ് ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ആദ്യമേ തന്നെ കൃഷിക്കാരനായിരുന്ന മഞ്ജനാഥന്‍ ഒരു ഇടവേളയ്ക്ക് ശേഷം പ്രവാസി ജീവിതവും ആസ്വദിച്ച ശേഷമാണ് ഇപ്പോള്‍ വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. പ്രവാസി സംഘത്തിന്റെ ഏരിയ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു മഞ്ജുനാഥന്‍. കര്‍ഷകസംഘം ജില്ലാ കമ്മിറ്റി മെമ്പറായ പി. രാധാകൃഷ്ണന്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പി.ടി.എ പ്രസിഡണ്ട് കൂടിയാണ്. കൂടാതെ നാട്ടിലെ കലാകായിക സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യം കൂടിയാണ് രാധാകൃഷ്ണന്‍. ഫോക് ലോര്‍ അക്കാദമിയുടെ മികച്ച ഫോക് ലോര്‍ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് കൂടി നേടിയിട്ടുണ്ട് ഇദ്ദേഹം.
ഠഒഅചഗട & ഞഋഏഅഞഉട

Leave a Reply

Your email address will not be published. Required fields are marked *