കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ‘തണല്‍ ബല്ല’ പ്രവാസി കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി

കാഞ്ഞങ്ങാട്: മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി തങ്ങളുടെ ജീവിതത്തിന്റെ നല്ല ഭാഗവും പ്രവാസ ജീവിതത്തില്‍ ഒതുങ്ങു മ്പോഴും തങ്ങള്‍ ജനിച്ച നാടിനെ മറക്കാതെ നാട്ടിലെ അശരണരുടെയും നിര്‍ധനരുടെയും ദുരിതങ്ങളില്‍ കൈത്താങ്ങാ വുകയാണ് ഒരുപറ്റം പ്രവാസി സുഹൃത്തുക്കള്‍. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ബല്ല ഗ്രാമം പരിധിയാക്കി യു.എ.ഇ യില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയാണ് ‘തണല്‍ ബല്ല ‘ നാട്ടിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും മുന്‍പന്തിയിലാണ് തണല്‍ ബല്ലയിലെ പ്രവര്‍ത്തകര്‍. ദുരിതാശ്വാസ പ്രവര്‍ത്തനം, കാരുണ്യ പ്രവര്‍ത്തനം, നാട്ടിലെ ക്ലബ്ബുകളിലെയും അമ്പലങ്ങളിലെയും ഉത്സവ കൂട്ടായ്മകള്‍ തുടങ്ങി എല്ലാ മേഖലകളിലും തണല്‍ ബല്ലയിലെ പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. 2011ലാണ് തണല്‍ ബല്ലയുടെ പ്രവര്‍ത്തന ആരംഭം. നൂറില്‍പരം മെമ്പര്‍മാര്‍ ഉള്‍ക്കൊള്ളുന്ന തണല്‍ ബല്ല ഓരോ വര്‍ഷവും 25 ഓളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു എന്ന പ്രത്യേകത ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. തമ്പാന്‍ പൊതുവാള്‍ ബല്ല ചെയര്‍മാനായും സി. രവി ചെരക്കര സെക്രട്ടറിയായും കെ. ശ്രീജിത്ത് നെല്ലിക്കാട്ട് പ്രസിഡണ്ടായും കെ. രാജേഷ് കുറ്റിക്കാല്‍ ട്രഷറുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന്യും സര്‍ക്കാറിന്റെ വയനാട് ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വേണ്ടി തണല്‍ ബല്ല പ്രവര്‍ത്തകര്‍ സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍ഗോഡ് കലക്ടറേറ്റില്‍ വച്ച് കൈമാറി. കാസര്‍കോട് കലക്ടറുടെ കാര്യാലയത്തില്‍ വച്ച് തണല്‍ ബല്ലയുടെ പ്രവര്‍ത്തകരായ രാജേഷ് കുറ്റിക്കാല്‍, പി.കണ്ണന്‍ പുല്ലാക്കൊടി, പി. ബാബു പാക്കത്ത്, പി. ഉണ്ണി പൊന്നന്‍, പി. വി. പ്രശാന്ത് കുമാര്‍ പൈരടുക്കം, എം. അനു മഞ്ഞ എന്നിവര്‍ ചേര്‍ന്ന് തുക കളക്ടര്‍ കെ. ഇമ്പശേഖറിന് കൈമാറി. കൂടാതെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരാലംബരായ ഒരു കുടുംബത്തിന് മുത്തപ്പന്‍തറ കൊഴക്കുണ്ടില്‍ വാസയോഗ്യമല്ലാത്ത ഒരു വീട് പുതുക്കിപ്പണിത് വാസയോഗ്യമാക്കി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും തണല്‍ബല്ലയുടെ പ്രവര്‍ത്തകര്‍ ചെയ്തു വരുന്നുണ്ട് . തണല്‍ ബല്ലയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമീപം ഓഫീസിനും മറ്റുമായി ഒരു ആസ്ഥാന മന്ദിരം കൂടി ഒരുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് പ്രവര്‍ത്തകര്‍. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു പോകുന്നുണ്ട്. ദുരന്ത മുഖങ്ങളിലും മറ്റും കൈത്താങ്ങായി മാത്രമല്ല. ആഘോഷങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ തണല്‍ ബെല്ലയുടെ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്.2024ലെ ഓണം ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും മണലാരണ്യത്തില്‍ വച്ച് തണല്‍ബല്ല നടത്തുന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 13ന് അജ്മല്‍ ക്രൗണ്‍ പാലസ് ഹോട്ടലില്‍ വച്ച് വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. തണല്‍ ബല്ലയുടെ കലാ, കായിക, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ മറ്റ് സംഘടനകളും ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വരുമെന്ന് പ്രവര്‍ത്തകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *