അമ്മ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന

കൊച്ചി: മലയാള താരസംഘടനയായ ‘അമ്മ’യുടെ കൊച്ചി ഇടപ്പള്ളിയിലെ ഓഫീസില്‍ പൊലീസ് പരിശോധന. നടന്‍മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ഇത് രണ്ടാം തവണയാണ് അന്വേഷണസംഘം ‘അമ്മ’ ഓഫീസില്‍ പരിശോധന നടത്തുന്നത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവരികയും നടന്‍മാര്‍ക്കെതിരെ നിരവധി പേര്‍ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തുവന്നിരുന്നു.പിന്നാലെ ‘അമ്മ’ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ റീത്ത് സമര്‍പ്പിച്ചിരുന്നു. എറണാകുളം ലോ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് റീത്ത് വെച്ചത്. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തില്‍ എഴുതിയിരുന്നത്.ഇതിനിടെ ഓണ്‍ലൈന്‍ വില്‍പന വെബ്‌സൈറ്റായ ഒ.എല്‍.എക്‌സില്‍ ‘അമ്മ’ ഓഫീസ് വില്‍പനക്കുണ്ടെന്ന് ഏതോ വിരുതന്‍മാര്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു. വെറും 20,000 രൂപക്ക് ‘അര്‍ജന്റ് സെയില്‍’ എന്ന് നല്‍കിയായിരുന്നു വ്യാജ പരസ്യം. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *