തോരാത്ത മഴയിലും വീര്യത്തോടെ തീരദേശ വാസികള്‍ ; കടലേറ്റത്തിന് പരിഹാരം തേടി കൊവ്വല്‍ ബീച്ചില്‍ വന്‍ പുരുഷാരം

പാലക്കുന്ന് :വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കടലേറ്റ കെടുതിയില്‍ പൊറുതിമുട്ടി കഴിയുന്ന കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍ ജന്മ കടപ്പുറത്തെ ജനങ്ങള്‍ തോരത്ത മഴയെപ്പോലും അവഗണിച്ച് കൊവ്വല്‍ ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരം ഒത്തുകൂടി. ഈ ദുരിതത്തിന് ശാശ്വത പരിഹാരം തേടി സ്ഥലം എം.പി. യേയും എം.എല്‍.എയും ഒരേ വേദിയില്‍ എത്തിക്കാനായിരുന്നു തീരദേശ സംരക്ഷണ സമിതി ജനസമ്പര്‍ക്ക യോഗം സംഘടിപ്പിച്ചത്. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി.ക്ക് എത്താനായില്ല. മഴമൂലം അരമണികൂര്‍ വൈകിയാണെങ്കിലും വന്‍ പുരുഷാരത്തെ സാക്ഷിയാക്കി സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ. കൊവ്വല്‍ കടപ്പുറത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ഈ തീരദേശത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഈ ഭീഷണിയുടെ നിജസ്ഥിതി നിയമ സഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം തീരദേശ വാസികള്‍ക്ക് ഉറപ്പ് നല്‍കി. ഏറെ ചെലവേറിയ ഈ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും ലഭ്യമാക്കാന്‍ നടപടി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണ സമിതി ചെയര്‍മാന്‍ അശോകന്‍ സിലോണ്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശ്രീധരന്‍ കാവുങ്കാല്‍, പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി. കെ. ജലീല്‍ , ചന്ദ്രന്‍ നാലാംവാതുക്കല്‍, ശകുന്തള ഭാസ്‌കരന്‍, ബിന്ദു സുധന്‍, കെ.വിനയകുമാര്‍, ഷൈനിമോള്‍, സൈനബ അബൂബക്കര്‍, നബീസ പാക്യാര, സമിതി ട്രഷര്‍ ബി. കെ. കുഞ്ഞികണ്ണന്‍, രമേശന്‍ കൊപ്പല്‍, ശ്രീധരന്‍ വയലില്‍, കെ. ബി. എം. ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.
നിര്‍ദേശം: ജിയോ ബാഗ് ഉപയോഗം ഫലപ്രദമല്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണ്. നൂമ്പില്‍ പുഴ മുതല്‍ കാപ്പില്‍ ബീച്ച് വരെ രണ്ടു കിലോമീറ്ററോളം നീളത്തില്‍ ടെട്രാപാഡ് ഉപയോഗിക്കണമെന്ന ആവശ്യമാണ് യോഗത്തില്‍ പൊതുവെ നിര്‍ദേശം ഉണ്ടായത്. 90 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് വിദഗ്തരുടെ കണക്കുകൂട്ടല്‍. ചെല്ലാനം ബീച്ചിലെ അനുഭവം വെച്ചു നോക്കുമ്പോള്‍ ടെട്രാപ്പാഡ് ആണ് അഭികാമ്യമെന്നാണ് അഭിപ്രായം. ഇവിടം കൊണ്ട് അവസാനക്കില്ലെന്നും ഈ വീര്യം തുടര്‍ന്നും ഉണ്ടാകണമെന്നുമാണ് സംഘടകര്‍ ജനങ്ങളോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *