കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകള്‍ ; കൂട്ടത്തോടെ മുട്ടയിട്ട് പെരുകുന്നു

പാലക്കുന്ന് : ആഫ്രിക്കന്‍ ഒച്ചുകള്‍ (അക്കാറ്റിന ഫുലിക്ക-ശാസ്ത്ര നാമം) അനുദിനം പെരുകി ശല്യമാകുന്നു. മഴ തുടങ്ങിയയോടെ പറമ്പുകളില്‍ കണ്ടു തുടങ്ങിയ ഒച്ചുകള്‍ കൂട്ടത്തോടെ വീട്ടു പരിസരങ്ങളിലും എത്തി തുടങ്ങി. വാഴ ഇലകളും കൂമ്പും പപ്പായ തുടങ്ങിയ ഫലവര്‍ഗ കൃഷിവിളകളും വീട്ടില്‍ നട്ട് വളര്‍ത്തുന്ന അലങ്കാര ചെടി ഇലകളും നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ പെരുപ്പം ഏറെ ശല്യമാകുന്നുണ്ടെന്നാണ് വ്യാപക പരാതി. പൂര്‍ണ വളര്‍ച്ച പ്രാപിച്ച ഒച്ചിന് ഒരു മുഷ്ടിയില്‍ കൊള്ളുന്ന വലുപ്പമുണ്ടാകും.ഏറെ ഈര്‍പ്പുള്ള ഇടങ്ങളില്‍ രാവിലെയും സന്ധ്യാ നേരത്തുമാണ് ഇവയെ കാണപ്പെടുന്നത്. ഇവയെ നശിപ്പിക്കാന്‍ കറിയുപ്പ് വിതറുന്നതാണ് പൊതു രീതി. കാബേജ് ഇലകള്‍ ഇവക്ക് ഏറെ ഇഷ്ടമാണെന്നതിനാല്‍ അത് വലിയ ഒരു പാത്രത്തില്‍ ഇട്ട് കറിയുപ്പ് വിതറി വീട്ട് പരിസരങ്ങളില്‍ വെച്ചാല്‍ അതില്‍ കയറിയാല്‍ അവ സ്വയം നശിക്കുമത്രെ.
70 ഗ്രാം കോപ്പര്‍ സള്‍ഫേറ്റും ( തുരിശ് ) 30 ഗ്രാം പുകയില ചപ്പും പൊടിച്ച് വെള്ളത്തില്‍ കലക്കി ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെച്ച മിശ്രിതം രാവിലെ സ്‌പ്രേ ചെയ്താല്‍ ഉടനെ ഇവ ചത്തുപോകുമെന്ന് ഉദുമ കൃഷി ഭവന്‍ ഓഫീസര്‍ കെ. നാണുകുട്ടന്‍ പറഞ്ഞു. ഹോമിയോ ഗുളികയുടെ രൂപത്തില്‍ അനേകം മുട്ടകളിടുന്ന ജീവിയാണിത്. ഇതിന്റെ സ്രവം ദേഹത്ത് തട്ടാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഉദുമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം ഉണ്ടെങ്കിലും കോട്ടിക്കുളം ജിയുപി സ്‌കൂള്‍ പരിസരത്തും റയില്‍വേ സ്റ്റേഷന്‍ ഭാഗങ്ങളിലും പാലക്കുന്നിലുമാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ബാഹുല്യം ഏറെ.നാട്ടുകാര്‍ കൃഷിഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം തിങ്കളാഴ്ച സ്ഥലത്തെത്തി നിര്‍ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം ജില്ലയുടെ തെക്കേ ഭാഗങ്ങളില്‍ ഇതേ രീതിയില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈര്‍പ്പമുള്ള കൃഷിപ്പറമ്പുകളിലാണ് ഒച്ചുകള്‍ ഏറെയുള്ളതെന്ന് പറയുന്നുണ്ടെങ്കിലും പാലക്കുന്ന്, കോട്ടിക്കുളം ഭാഗങ്ങളില്‍ റോഡരികിലും കെട്ടിട ചുമരുകളിലും രാവിലെ ഇവയെ കാണാറുണ്ട്. തുറന്നിട്ട അടുക്കളയിലും ടോയിലറ്റുകളിലും ഇവയെത്തുന്നുണ്ടെന്ന് ചില വീട്ടുകാരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *