വോര്‍ക്കാടി പഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമി ലഭ്യമാക്കല്‍:

വനം വകുപ്പിന് ഗ്രാമപഞ്ചായത്ത് കൈമാറിയ ഭൂമിയിലെ ഒരു ഭാഗം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കും
വോര്‍ക്കാടി ഗ്രാമ പഞ്ചായത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍, നേരത്തെ വനം വകുപ്പിന് സാമൂഹ്യ വനവല്‍കരണത്തിനായി വിട്ടുകൊടുത്ത ഭൂമിയില്‍ നിന്ന് 4 ഏക്കര്‍ തിരികെ ലഭിക്കാന്‍ ഉള്ള രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ തലത്തില്‍, വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് ഭൂമി ലഭ്യമാക്കുന്നതിന് ആവശ്യമായ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.വോര്‍ക്കാടി ഗ്രാമ പഞ്ചായത്തില്‍ സ്വന്തമായി വാസയോഗ്യമായ വീടോ വീടുവയ്ക്കാന്‍ യോഗ്യമായ ഭൂമിയോ ഇല്ലാത്ത 106 കുടുംബങ്ങളാണുള്ളത്. കൂടാതെ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മാണം നടത്തേണ്ട ഭൂമി ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് ഭവന നിര്‍മാണത്തിനായി ഭൂമി കണ്ടെത്തേണ്ട 6 കുടുംബങ്ങളുമുണ്ട്.
ഗ്രാമ പഞ്ചായത്തിന്റെ കൈവശത്തിലിരുന്ന , കൊട്ട്‌ലമൊഗരു വില്ലേജിലെ 49.5 ഏക്കര്‍ സ്ഥലം 1978 ല്‍ സാമൂഹ്യ വനവല്‍കരണത്തിനായി വനം വകുപ്പിന് വിട്ടു നല്‍കിയിരുന്നു. പ്രസ്തുത ഭൂമിയില്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ഈ ഭൂമിയില്‍ നിന്ന് 4 ഏക്കര്‍ ഭൂമി തിരികെ പഞ്ചായത്തിന് ലഭിച്ചാല്‍ ഈ 112 ഗുണഭോക്താക്കള്‍ക്കും ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാനുള്ള ഭൂമി ലഭ്യമാക്കാന്‍ കഴിയും. ഈ ആവശ്യമുന്നയിച്ച് വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ് ഭാരതി തദ്ദേശ അദാലത്തില്‍ മന്ത്രി എം.ബി രാജേഷിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *