ബംഗാള്‍ മുഖ്യമന്ത്രി അവരുടെ കടമ മറന്നു: കിരണ്‍ റിജിജു;

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ കഠിനമാക്കുന്ന ‘അപരാജിത’ ബില്‍ പാസാക്കിയതിനു പിന്നാലെയാണ് വിമര്‍ശനം.പോക്‌സോ കേസുകളും ബലാത്സംഗ കേസുകളും തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം പാലിക്കാത്ത ബംഗാള്‍ മുഖ്യമന്ത്രി അവരുടെ കടമ മറന്നെന്ന് റിജുജു പറയുന്നു.’പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേഗത്തിലുള്ള നീതി ലഭ്യമാക്കുക എന്ന അവരുടെ ഏറ്റവും പവിത്രമായ കടമ അവഗണിച്ചതില്‍ എനിക്ക് സങ്കടമുണ്ട്. 2021ലെ ഈ കത്തില്‍ അതിനായുള്ള നിയമനിര്‍മാണം നടത്തണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ 2018ല്‍ പാര്‍ലമെന്റ് കര്‍ശന നിയമം പാസാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടിയെടുക്കണം’ -കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.വിഷയം ഏറെ ഗൗരവകരമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും റിജിജു പറഞ്ഞു. ശക്തമായ നിയമങ്ങള്‍ ആവശ്യമാണ്, എന്നാല്‍ നടപടികള്‍ അതിലേറെ പ്രധാനമാണ്. മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോള്‍ മാധ്യമങ്ങളിലെല്ലാം അത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *