വിജയിയുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം; രാഹുലിനേയും പിണറായിയേയും ക്ഷണിക്കും

ചെന്നൈ: സെപ്തംബര്‍ 23ന് നടക്കുന്ന വിജയിയുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനേയും ക്ഷണിച്ചേക്കും.ലോക്‌സഭ പ്രതിപക്ഷ നേതാവിനൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് വിജയ് ക്ഷണിച്ചേക്കും.നേതാക്കള്‍ക്ക് പ്രചോദനമാണ് രാഹുല്‍ ഗാന്ധിയെന്ന് തമിഴക വെട്രി കഴകത്തിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞു. രാഹുലിന്റെ സാന്നിധ്യം ദ്രാവിഡ നാട്ടില്‍ രാഷ്ട്രീയ തലക്കെട്ടാകും. വിജയ് ഏറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയനേതാവാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന് പുറമേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി എന്നിവരെയും ചടങ്ങിന് ക്ഷണിക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും ക്ഷണമുണ്ടാകും.അതേസമയം, സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ പാര്‍ട്ടി 85 ഏക്കര്‍ പ്ലോട്ട് വാടകയ്ക്കെടുത്തിട്ടുണ്ടെന്നും തമിഴ്നാട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് അറിയിച്ചു. വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഭക്ഷണം, വെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍, ആംബുലന്‍സുകളുടെ ലഭ്യത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ ക്രമീകരണങ്ങളില്‍ ഉള്‍പ്പെടുന്നു. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സുഗമവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *