മദ്രാസ്: തമിഴ് സൂപ്പര്‍ താരം വിജയുടെ രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ്, ആദ്യ വാതില്‍ തുറന്നുവെന്നും പറഞ്ഞു.പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും, എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. സമ്മേളനം നടത്താന്‍ അനുമതി തേടി ടിവികെ നല്‍കിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്. എന്നാല്‍ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാര്‍ട്ടി നേതാവായ തിരുമാളവന്‍ എംപി രംഗത്ത് വന്നു. തമിഴ്‌നാട്ടില്‍ രണ്ട് ലോക്‌സഭ എംപിമാരുള്ള പ്രമുഖ ദളിത് പാര്‍ട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്നാണ് അഭ്യൂഹം.അതേസമയം വിജയ്ക്കെതിരെ ബിജെപി രംഗത്ത് വന്നു. വിനായക ചതുര്‍ത്ഥിക്ക് വിജയ് ആശംസ അറിയിക്കാത്തതിലാണ് വിമര്‍ശനം. അവസരവാദിയായ ഹിന്ദുവാണ് വിജയെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് പി സെല്‍വം വിമര്‍ശിച്ചു.