അന്തിയുറങ്ങാന്‍ നിര്‍ധന കുടുംബത്തിന് വീട് :പാലക്കുന്ന് കഴകത്തില്‍ മൂന്നാമത്തെ സ്‌നേഹവീട് നിര്‍മാണത്തിന് തുടക്കമിട്ടു

പാലക്കുന്ന് : തലചായ്ക്കാന്‍ കൂരപോലും ഇല്ലാത്ത നിര്‍ധന കുടുംബത്തിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ നല്‍കുന്ന മൂന്നാമത്തെ വീട് നിര്‍മാണത്തിന് അരവത്ത് തുടക്കം കുറിച്ചു. ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉടമയും പ്രവാസിയുമായ വി.വി. ബാലകൃഷ്ണനാണ് വീട് നിര്‍മാണത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നത്. ഏതാനും മാസം മുന്‍പ് അദ്ദേഹവും ഭാര്യ സ്മിതയും ക്ഷേത്ര ഭണ്ഡാര വീട്ടില്‍ ദേവിസമക്ഷം ഒരു നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാനുള്ള താല്പര്യം അറിയിച്ചിരുന്നു. അതനുസരിച്ച് പ്രാദേശിക സമിതികളില്‍ നിന്ന് ലഭിച്ച നിര്‍ദേശ പട്ടികയില്‍ നിന്ന് ക്ഷേത്ര കേന്ദ്ര സമിതി രൂപം നല്‍കിയ സ്‌ക്രീനിംഗ് കമ്മിറ്റിയാണ് സ്വന്തമായി വീടില്ലാത്ത അരവത്ത് കുതിരക്കോടിനടുത്ത കണ്ടപ്പാട് കാനത്തില്‍ ഭര്‍ത്താവ് മരണപ്പെട്ട പ്രേമലതയെ തിരഞ്ഞെടുത്തത്. ഭര്‍ത്താവിന് പാണത്തൂരില്‍ ഉണ്ടായിരുന്ന സ്ഥലം വിറ്റുകിട്ടിയ കുറച്ചു പണവും കുടുംബശ്രീയില്‍ നിന്ന് കടമെടുത്തും രണ്ട് പെണ്‍ മക്കളെയും പഠിപ്പിച്ചു. ഒരാള്‍ ബിരുദവും ഇളയവള്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി ഒരു ജോലിയ്ക്കായി കാത്തിരിക്കുന്നു. തിരുവക്കോളിയില്‍ വാടക മുറിയിലാണ് ഇപ്പോള്‍ താമസം. ബീഡി തെറുപ്പ് മാത്രമാണ് പ്രേമലതയ്ക്ക് വഴങ്ങുന്ന ജോലി. ഇപ്പോള്‍ അതും തുടരാനാവത്ത അവസ്ഥയാണ്.ക്വാര്‍ട്ടേഴ്‌സ് വാടക നല്‍കാനും ബുദ്ധിമുട്ടുന്നുണ്ട് ഈ കുടുംബം. മറ്റു വരുമാന മാര്‍ഗമൊന്നും ഇല്ല . പാലക്കുന്ന് ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ ബാലകൃഷ്ണന്‍ എന്ന സുമനസുകാരന്‍ ഒരു വീട് വെച്ചു തരുന്നു വെന്നത് പാലക്കുന്നമ്മയുടെ കൃപ കൊണ്ടു തന്നെയെന്നാണ് പ്രേമലതയും മക്കളും കരുതുന്നത്. സ്വന്തമായി വീടെന്ന സങ്കല്പം ഈ കുടുംബത്തില്‍ യഥാര്‍ഥ്യമാകാനുള്ള മുന്നോടിയായി വീട് നിര്‍മാണത്തിനുള്ള ‘കുറ്റിയടിക്കല്‍’ കര്‍മം ഞായറാഴ്ച്ച നടന്നു. ക്ഷേത്ര സ്ഥാനികരായ രവീന്ദ്രന്‍ കളക്കാരന്റെയും അശോകന്‍ നാലീട്ടുകാരന്റെയും മേല്‍നോട്ടത്തില്‍ രഞ്ജിത്ത് ആചാരിയുടെ കര്‍മികത്വത്തില്‍ കുറ്റിയടിക്കല്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. പാലക്കുന്ന് കഴകവുമായി ബന്ധപ്പെട്ട വിവിധ സമിതി പ്രവര്‍ത്തകര്‍ സംബന്ധിച്ചു. വൈകാതെ തന്നെ നിര്‍മാണം ആരംഭിക്കുമെന്നും അടുത്ത ഭരണി ഉത്സവത്തിന് മുന്‍പായി അത് പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും പ്രസിഡന്റ് അഡ്വ.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. അരവത്ത് പ്രദേശിക സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണ പ്രവൃത്തികള്‍ നടക്കുക.

അരവിന്ദ് റാമിന്റെ സേവനം ഇവിടെയും

മാതൃസമിതി മുന്‍പ് നിര്‍മിച്ചു നല്‍കിയ വീട് നിര്‍മാണത്തിന് പ്രതിഫലം കൈപ്പറ്റാതെ
മേല്‍നോട്ട ചുമതല ഏറ്റെടുത്ത ആര്‍ക്കിടെക് അരവിന്ദ് റാമിന്റെ സേവനം മൂന്നാമത്തെ സ്‌നേഹവീട് നിര്‍മിതിയുടെ അവസാനം വരെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.തലശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമാലിയോ ആര്‍ക്കിടെക്കിലാണ് ജോലിചെയ്യുന്നത്. കുറ്റിയടിക്കള്‍ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *