32 വര്‍ഷങ്ങള്‍ പിന്നിട്ട ഒരപൂര്‍വ കബഡി ടീം സംഗമം

ഉദുമ : കാസര്‍കോടന്‍ കബഡി ചരിത്ര പുസ്തക താളുകളില്‍ എഴുതപ്പെട്ട പ്രഗത്ഭമായ ടീമായിരുന്നു ഉദുമ പീപ്പിള്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്. ഫുട്ബോളില്‍ പേരെടുത്ത് ഒട്ടേറെ ബഹുമതികള്‍ സ്വന്തമാക്കിയ പീപ്പിള്‍സിന്റെ ആദ്യ കബഡി ടീം രൂപം കൊണ്ടത് 1987ല്‍ ആയിരുന്നു. ജില്ലയിലെ മികച്ച ടീമുകളുമായി ഏറ്റുമുട്ടി നിരവധി മെഡലുകളും ട്രോഫികളും പീപ്പിള്‍സിന്റെ പ്രദര്‍ശന അലമാരയിലേക്ക് ഈ കബഡി ടീമിലൂടെ ഇടം നേടിയിരുന്നു . സുരേന്ദ്രന്‍ ഉദുമ,ശശി കോട്ടക്കുന്ന്, കെ.ടി ജയന്‍,അച്ചുതന്‍ ആടിയത്ത്, മുരളി വാഴുന്നോര്‍വളപ്പ്,രവി ബക്കാര്‍, ചന്ദ്രന്‍ കുറുക്കന്‍ക്കുന്ന്, നാരായണന്‍ വാണിയന്‍വളപ്പ്, രവി കാശി, കെ.എം സുധാകരന്‍, കെ.ടി ജതിന്‍ എന്നിവരായിരുന്നു സീനിയര്‍ കബഡി ടീം അംഗങ്ങള്‍.1992 വരെ അവര്‍ ക്ലബിന് വേണ്ടി കളിച്ചു. പിന്നീട് അന്നം തേടി പലരും പലവഴിയിലൂടെ കൂട്ടുപിരിഞ്ഞു. പ്രവാസികളടക്കം
ആ 11 പേരും കഴിഞ്ഞ ദിവസം ക്ലബ്ബില്‍ ഒത്തുചേര്‍ന്നപ്പോള്‍ അതൊരു സംഗമമായി, ആഘോഷമാക്കി. പ്രഥമ കബഡി ടീം അംഗംങ്ങള്‍ക്ക് സ്വീകരണവും നല്‍കി. അന്ന് വീറോടെ കളിച്ചവര്‍ ഇപ്പോള്‍ ജില്ലയിലെ മിക്ക മത്സരവേദികളിലും കളിക്കാര്‍ക്ക് ആവേശം പകരുന്ന കാഴ്ചക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *