സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ബോധപൂര്‍വ്വം ശരീരത്തിലൂടെ കാര്‍ കയറ്റി, പ്രതികള്‍ റിമാന്‍ഡില്‍

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ റിമാന്‍ഡില്‍.14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടര്‍ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്ക് കൊണ്ടുപോയി. പ്രതികള്‍ ബോധപൂര്‍വ്വം യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.കേസില്‍ ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ കാര്‍ ഡ്രൈവര്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *