വഴുതലിന് വിട സ്റ്റേഷന് ഭംഗിയും കൂടുന്നു കോട്ടിക്കുളം റയില്‍വേ സ്റ്റേഷന്‍; പ്ലാറ്റ് ഫോമില്‍ ടൈയില്‍സ് പാകല്‍ ഉടന്‍ പൂര്‍ത്തിയാകും

പാലക്കുന്ന് : മഴക്കാലമായാല്‍ പ്രായഭേദമന്യേ യാത്രക്കാര്‍ വീണ് പരുക്ക് പറ്റുന്നത് പതിവായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നോണ്‍സ്‌കിഡ് (വഴുക്കള്‍ ഇല്ലാത്ത) കട്ടകള്‍ പാകുന്ന ജോലി പുരോഗമിക്കുന്നു. ഫ്‌ലാറ്റ്‌ഫോമിനെ രണ്ടായി പകുത്തു പോകുന്ന റോഡിന്റെ വടക്ക് ഭാഗത്തെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ടൈല്‍സ് പാകല്‍ പൂര്‍ത്തിയായി. സ്റ്റേഷന്‍ നിലകൊള്ളുന്ന തെക്ക് ഭാഗത്തെ ടൈല്‍സ് പാകലാണ് ഇപ്പോള്‍ നടക്കുന്നത്. 7 അടി വീതിയില്‍ ഏകദേശം 25,000 ചതുരശ്ര അടി ടൈല്‍സുകള്‍ ഇതിനായി വേണ്ടിവരുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പാളത്തില്‍ നിന്ന് 86 സെ. മീറ്റര്‍ ഉയരത്തിലാണ് ഫ്‌ലാറ്റ്‌ഫോം0 വേണ്ടത്. ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉയര ക്രമീകരണങ്ങള്‍ നടത്തിയ ശേഷമാണ് ടൈല്‍സുകള്‍ പാകുന്നത്. സ്റ്റേഷനിലെ നടപ്പാതയും അതിന്റെ കിഴക്കും പടിഞ്ഞാറു ഭാഗത്തെ പടികളും മാസങ്ങള്‍ക്ക് മുന്‍പ് ടൈല്‍സ് പാകിയിരുന്നു. സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ ഷീറ്റ് പാകുന്ന പണിയും നടക്കുന്നുണ്ട്. എല്ലാം പൂര്‍ത്തിയാകുമ്പോള്‍ മൊത്തത്തില്‍ ടൗണിന് മധ്യത്തിലെ ഈ സ്റ്റേഷന് ഏറെ ചന്തം കൂടുമെന്നതില്‍ സംശയമില്ല. തുടര്‍ന്ന് ഏറനാട്, പരശുറാം എക്‌സ്പ്രസ് ട്രൈനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ടിക്കറ്റ് റിസര്‍വേഷന്‍ പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *